ടൈറ്റാന്‍ പുതിയ ഉയരങ്ങളിലേക്ക്?
ജൂണ്‍-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ ടൈറ്റാന്റെ മൊത്തം വില്‍പ്പനയില്‍ 18 ശതമാനം വളര്‍ച്ചയാണുണ്ടായത്. ഈ ത്രൈമാസത്തില്‍ 105 പുതിയ സ്റ്റോറുകളാണ് കമ്പനി തുറന്നത്.
ജൂണ്‍-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ വില്‍പ്പനയില്‍ മികച്ച വളര്‍ച്ച കൈവരിച്ചതിനെ തുടര്‍ന്ന് ടൈറ്റാന്‍ കമ്പനിയുടെ ഓഹരി വില ഇന്ന് ആറ് ശതമാനം മുന്നേറി. എന്‍എസ്‌ഇയില്‍ ഇന്ന് ടൈറ്റാന്‍ 2745 രൂപ വരെയാണ് ഉയര്‍ന്നത്. മാര്‍ച്ച് 21ന് രേഖപ്പെടുത്തിയ 2767.55 രൂപയാണ് ടൈറ്റാന്റെ എക്കാലത്തെയും ഉയര്‍ന്ന വില.
ജൂണ്‍-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ ടൈറ്റാന്റെ മൊത്തം വില്‍പ്പനയില്‍ 18 ശതമാനം വളര്‍ച്ചയാണുണ്ടായത്. ഈ ത്രൈമാസത്തില്‍ 105 പുതിയ സ്റ്റോറുകളാണ് കമ്പനി തുറന്നത്. വര്‍ധിതമായ ഉപഭോഗം വിവിധ മേഖലകളിലെ വില്‍പ്പന തുടര്‍ന്നും മെച്ചപ്പെടുത്തുമെന്ന ശുഭാപ്‌തിവിശ്വാസത്തിലാണ് കമ്പനി.
ആഗോള ബ്രോക്കറേജ് ആയ ജെപി മോര്‍ഗന്‍ ടൈറ്റാനില്‍ ലക്ഷ്യമാക്കുന്ന വില 2800 രൂപയായി നിലനിര്‍ത്തി. പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് ആയ മോത്തിലാല്‍ ഓസ്വാള്‍ ഈ ഓഹരിയില്‍ ലക്ഷ്യമാക്കുന്ന വില 2970 രൂപയാണ്.
ഇന്ത്യയിലെ വിപുലമായ ഉപഭോഗത്തെ മുന്‍നിര്‍ത്തി നിക്ഷേപം നടത്താവുന്ന ഓഹരിയാണ് ടൈറ്റാന്‍ എന്ന് മോത്തിലാല്‍ ഓസ്വാള്‍ വിലയിരുത്തുന്നു.
ജ്വല്ലറി വ്യവസായം ദ്രുതഗതിയില്‍ സംഘടിതവല്‍ക്കരിക്കപ്പെടുമ്പോള്‍ അതിന്റെ പ്രധാന ഗുണഭോക്താവ് ടൈറ്റാന്‍ ആണെന്ന് മോത്തിലാല്‍ ഓസ്വാള്‍ ചൂണ്ടികാട്ടുന്നു. നിലവില്‍ ആറ് ശതമാനം മാത്രം വിപണി പങ്കാളിത്തമുള്ള ടൈറ്റാന് ശക്തമായ വളര്‍ച്ചാ സാധ്യതയാണുള്ളത്.
പരേതനായ രാകേഷ് ജുന്‍ജുന്‍വാലയുടെ എക്കാലത്തെയും പ്രിയപ്പെട്ട ഓഹരിയായിരുന്ന ടൈറ്റാന്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ നല്‍കിയ നേട്ടം 335 ശതമാനമാണ്.
നിലവില്‍ ടൈറ്റാനെ കുറിച്ച് കവറേജ് നല്‍കുന്ന 30 അനലിസ്റ്റുകളില്‍ 16ഉം ടൈറ്റാന്‍ വാങ്ങുകയെന്ന റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്. ഒരു അനലിസ്റ്റ് മാത്രമാണ് ഈ ഓഹരി വില്‍ക്കാനുള്ള ശുപാര്‍ശ നല്‍കുന്നത്.