ഈ റിയല്‍ എസ്റ്റേറ്റ് ഓഹരി ഏഴ് ആഴ്‌ചയ്‌ക്കുള്ളില്‍ ഉയര്‍ന്നത് 181%
പ്രമുഖ നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യ രേഖ ജുന്‍ജുന്‍വാലയ്‌ക്ക് ഈ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ 2.06 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിബി റിയാല്‍റ്റിയുടെ ഓഹരി വില ഇന്ന് അഞ്ച് ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തി. ഈ ഓഹരിയില്‍ ഒരു ദിവസം അനുവദനീയമായ പരമാവധി വ്യതിയാനം അഞ്ച് ശതമാനമാണ്.
കഴിഞ്ഞ ഏഴ് ആഴ്‌ചയ്‌ക്കുള്ളില്‍ ഡിബി റിയാല്‍റ്റിയുടെ ഓഹരി വില 181 ശതമാനമാണ് ഉയര്‍ന്നത്. ഇന്നത്തെ ഏറ്റവും താഴ്‌ന്ന വിലയായ 95.590 രൂപയില്‍ നിന്നും 105.90 രൂപയിലേക്കാണ് ഓഹരി ഉയര്‍ന്നത്.
ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ഡിബി റിയാല്‍റ്റിയില്‍ 200 കോടി നിക്ഷേപിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേ സമയം ഈ പ്രതികൂല വാര്‍ത്തയെ അവഗണിച്ച് ഡിബി റിയാല്‍റ്റി മുന്നേറുകയാണ് ഇന്ന് ചെയ്‌തത്.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 78 ശതമാനമാണ് ഈ ഓഹരി ഉയര്‍ന്നത്. 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയിലാണ് ഡിബി റിയാല്‍റ്റി ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്.
പ്രമുഖ നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യ രേഖ ജുന്‍ജുന്‍വാലയ്‌ക്ക് ഡിബി റിയാല്‍റ്റിയില്‍ 2.06 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.