രണ്ടാം ത്രൈമാസത്തില്‍ കമ്പനികള്‍ മികവ് കാട്ടി
ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട പ്രമുഖ കമ്പനികളില്‍ മിക്കതിനെയും ബ്രോക്കറേജുകള്‍ അപ്‌ഗ്രേഡ് ചെയ്‌തു. അഞ്ച് കമ്പനികളില്‍ നാലും അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു. ഓഹരി സൂചികയായ നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 കമ്പനികളുടെ മൊത്തം അറ്റലാഭം പത്ത് ശതമാനത്തിലേറെ വളര്‍ച്ച കൈവരിച്ചു.
ഓഹരി വിപണിയിലെ അസാധാരണമായ കുതിപ്പിന് പിന്നില്‍ ധനലഭ്യത മാത്രമാണോ കാരണം എന്ന ചോദ്യം പൊതുവെ നിക്ഷേപകര്‍ ഉന്നയിക്കുന്നുണ്ട്. കമ്പനികളുടെ അടിസ്ഥാനപരമായ മികവ് കൂടി ഓഹരികളുടെ ഡിമാന്റ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മികച്ച കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത് വിപണിയുടെ മുന്നേറ്റത്തില്‍ പ്രതിഫലിച്ചു.
ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട പ്രമുഖ കമ്പനികളില്‍ മിക്കതിനെയും ബ്രോക്കറേജുകള്‍ അപ്‌ഗ്രേഡ് ചെയ്‌തു. അഞ്ച് കമ്പനികളില്‍ നാലും അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു.
ഓഹരി സൂചികയായ നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 കമ്പനികളുടെ മൊത്തം അറ്റലാഭം പത്ത് ശതമാനത്തിലേറെ വളര്‍ച്ച കൈവരിച്ചു. ഇത് പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വളര്‍ച്ചയാണ്. വിവിധ സെക്‌ടറുകളിലെ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വില്‍പ്പനയാണ് ഇതിന് വഴിവെച്ചത്. ഗ്രാമീണ മേഖലയിലെ ഡിമാന്റ് ഉയര്‍ന്നതും സര്‍ക്കാര്‍ കൂടുതല്‍ പണം വിപണിയിലെത്തിക്കാന്‍ വഴിയൊരുക്കുന്നതും കമ്പനികളുടെ ചെലവ് ചുരുക്കല്‍ നടപടികളുമെല്ലാം വില്‍പ്പന കൂടുന്നതിന് വഴിവെച്ചു. പൊതുവെ ഇത്രത്തോളം മികച്ച ത്രൈമാസ ഫലങ്ങള്‍ കമ്പനികളുടെ ഭാഗത്തു നിന്ന് പ്രതീക്ഷിച്ചിരുന്നില്ല.
അടുത്ത ത്രൈമാസങ്ങളില്‍ ബിസിനസ് മെച്ചപ്പെടാന്‍ സാധ്യതയുണ്ടെന്ന ശുഭാപ്‌തിവിശ്വാസമാണ് മിക്ക കമ്പനികളും പ്രകടിപ്പിച്ചത്. ഇത് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ വിവിധ വ്യവസായ മേഖലകള്‍ കരകയറുകയാണെന്ന സൂചനയാണ് നല്‍കുന്നത്. ഇതും ഓഹരികളുടെ വില ഉയരുന്നതിന് കാരണമായി.
സമ്പൂര്‍ണ ലോക്‌ഡൗണിന്റെ ആദ്യഘട്ടത്തില്‍ പൂര്‍ണമായും നിലച്ച ഉല്‍പ്പാദന മേഖല അതിനു ശേഷം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ സജീവമാകുകയായിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഡിമാന്റ് ശക്തമായതും ഉല്‍പ്പാദന മേഖലയുടെ തിരിച്ചുവരവിന് സഹായകമായി. ബാങ്കിംഗും ധനകാര്യ സേവനവും പോലുള്ള സേവന മേഖലകളിലെ ബിസിനസും കഴിഞ്ഞ ത്രൈമാസത്തില്‍ മെച്ചപ്പെട്ടു. ഐടി പോലുള്ള സേവന മേഖലകളുടെ ബിസിനസ് ലോക്‌ഡൗണ്‍ കാലത്ത് മെച്ചപ്പെടുകയാണ് ചെയ്‌തത്. ഇത് വിവിധ മേഖലകളിലെ കമ്പനികളുടെ പ്രകടനത്തില്‍ പ്രതിഫലിച്ചു.
സമ്പദ്‌വ്യവസ്ഥ ഒരു കരകയറ്റം നടത്തുന്നതിന്റെ സൂചനകള്‍ നേരത്തെ തന്നെ ലഭിച്ച തുടങ്ങിയിരുന്നു. ഐഎച്ച്‌എസ് മാര്‍ക്കിറ്റ് ഇന്ത്യ മാനുഫാക്‌ചറിംഗ് പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് സെപ്‌റ്റംബറില്‍ 56.8 ആയി ഉയര്‍ന്നിരുന്നു. ഓഗസ്റ്റില്‍ ഇത് 52 ആയിരുന്നു. ജൂണ്‍ മുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു തുടങ്ങിയതിനു ശേഷം ഉണ്ടായ അനുകൂല സാഹചര്യമാണ് ഈ വളര്‍ച്ചക്കു കാരണം. പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് 50ന് മുകളില്‍ വളര്‍ച്ച ആയും 50ന് താഴെ തളര്‍ച്ചയായുമാണ് പരിഗണിക്കുന്നത്.