വിദേശ നിക്ഷേപകരുടെ 46% നിക്ഷേപവും 10 ഓഹരികളില്‍
57,800 കോടി ഡോളറാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഇതില്‍ 26,500 കോടി ഡോളറും നിക്ഷേപിച്ചിരിക്കുന്നത് പത്ത് ഓഹരികളിലാണ്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയിരിക്കുന്ന നിക്ഷേപത്തിന്റെ ഏറിയ പങ്കും മുന്‍നിര ലാര്‍ജ്‌കാപ് ഓഹരികളിലാണ്. മുന്‍നിരയില്‍ വരുന്ന പത്ത് കമ്പനികളിലായി മാത്രം നടത്തിയിരിക്കുന്നത് 46 ശതമാനം നിക്ഷേപമാണ്.
എച്ച്‌ഡിഎഫ്‌സിബാങ്ക്, എച്ച്‌ഡിഎഫ്‌സി, റിലയന്‍സ് ഇന്റസ്‌ട്രീസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് ഈ പത്ത് ഓഹരികള്‍. നിഫ്‌റ്റിയില്‍ ഉയര്‍ന്ന വെയിറ്റേജുള്ള ഓഹരികളാണ് ഇതില്‍ മിക്കതും.
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ കണക്ക് പ്രകാരം 57,800 കോടി ഡോളറാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഇതില്‍ 26,500 കോടി ഡോളറും നിക്ഷേപിച്ചിരിക്കുന്നത് മേല്‍പ്പറഞ്ഞ പത്ത് ഓഹരികളിലാണ്. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട മറ്റ് 40 ഓഹരികളിലായി 13,700 കോടി ഡോളര്‍ നിക്ഷേപിച്ചിരിക്കുന്നു.
നിഫ്‌റ്റിയിലെ 50 ഓഹരികളിലാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ 70 ശതമാനം നിക്ഷേപവും. മൊത്തം നിക്ഷേപത്തിന്റെ പത്ത് ശതമാനത്തിലേറെ റിലയന്‍സ് ഇന്റസ്‌ട്രീസിലാണ്. 5940 കോടി രൂപയാണ് റിലയന്‍സില്‍ നിക്ഷേപിച്ചിരിക്കുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്കിലും എച്ച്‌ഡിഎഫ്‌സിയിലുമായി ഏകദേശം 13.5 ശതമാനം നിക്ഷേപം നടത്തിയിരിക്കുന്നു. 7780 കോടി രൂപയാണ് എച്ച്‌ഡിഎഫ്‌സി ദ്വയങ്ങളിലെ നിക്ഷേപം.
ഏകദേശം 34 ശതമാനം നിക്ഷേപവും റിലയന്‍സ് ഇന്റസ്‌ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് എന്നീ അഞ്ച് ഓഹരികളിലായാണ്.
തുടര്‍ച്ചയായി ഒന്‍പത് മാസം ഇന്ത്യന്‍ വിപണിയില്‍ അറ്റവില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഗസ്റ്റ് മുതലാണ് അറ്റനിക്ഷേപകരായി മാറിയത്. ജൂലായ് 28നു ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 21,000 കോടി രൂപയുടെ അറ്റനിക്ഷേപമാണ് നടത്തിയത്. അതേ സമയം ജൂലായ് വരെയുള്ള ഒന്‍പത് മാസ കാലയളവില്‍ അവ അറ്റവില്‍പ്പനയാണ് നടത്തിയത്.