ടിസിഎസ് ഏഴ് ശതമാനം ഇടിഞ്ഞത് എന്തുകൊണ്ട്?
ടിസിഎസിന്റെ ഓഹരി വിലയിലെ ഇടിവ് മറ്റ് ഐടി ഓഹരികളെയും ബാധിച്ചു. നിഫ്‌റ്റി ഐടി സൂചിക മൂന്ന് ശതമാനം ഇടിഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന്റെ ഓഹരി വില ഇന്ന് ഏഴ് ശതമാനം ഇടിഞ്ഞു. വെള്ളിയാഴ്‌ച എന്‍എസ്‌ഇയില്‍ 3935.65 രൂപക്ക് ക്ലോസ് ചെയ്‌ത ഓഹരി വില ഇന്ന് 3660 രൂപ വരെ ഇടിഞ്ഞു.
ടിസിഎസിന്റെ ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലം ഓഹരി വിപണി പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാത്തതാണ് ഓഹരി വില ഇടിയുന്നതിന് വഴിവെച്ചത്. രണ്ടാം ത്രൈമാസത്തിലെ ടിസിഎസിന്റെ ലാഭവളര്‍ച്ച 14.1 ശതമാനമാണ്. 16.8 ശതമാനം വരുമാന വളര്‍ച്ച കൈവരിക്കുകയും ചെയ്‌തു.
പൊതുവെ അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ താഴ്‌ന്ന വരുമാന, ലാഭ വളര്‍ച്ച ആണിത്. 9624 കോടി രൂപയാണ് രണ്ടാം ത്രൈമാസത്തിലെ ലാഭം. 46,867 കോടി രൂപയാണ് വരുമാനം.
ഒക്‌ടോബര്‍ എട്ടിന് ടിസിഎസിന്റെ ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയിരുന്നു. 3990 രൂപ വരെയാണ് വെള്ളിയാഴ്‌ച വില ഉയര്‍ന്നത്.
ടിസിഎസിന്റെ ഓഹരി വിലയിലെ ഇടിവ് മറ്റ് ഐടി ഓഹരികളെയും ബാധിച്ചു. നിഫ്‌റ്റി ഐടി സൂചിക മൂന്ന് ശതമാനം ഇടിഞ്ഞു. ഐടി സൂചികയില്‍ ഉള്‍പ്പെട്ട എല്ലാ ഓഹരികളും ഇടിവ് നേരിട്ടു.