ടാറ്റാ ടെക്‌നോളജീസിന്റെ ഐപിഒ: സെബിക്ക് രേഖകള്‍ സമര്‍പ്പിച്ചു
പ്രൊമോട്ടറായ ടാറ്റാ മോട്ടോഴ്‌സിന്റെയും മറ്റ് രണ്ട് നിക്ഷേപകരുടെയും കൈവശമുള്ള ഓഹരികള്‍ വില്‍ക്കുന്നതിനായി പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ ആയിരിക്കും നടത്തുന്നത്.
ടാറ്റാ മോട്ടോഴ്‌സിന്റെ സബ്‌സിഡറിയായ ടാറ്റാ ടെക്‌നോളജീസിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) നടത്തുന്നതിനായി സെബിക്ക് രേഖകള്‍ സമര്‍പ്പിച്ചു. വിപണി ചാഞ്ചാട്ടം നേരിട്ടിട്ടും ഈ വാര്‍ത്തയെ തുടര്‍ന്ന് ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില ഇന്ന് ഒരു ശതമാനം ഉയര്‍ന്നു.
പ്രൊമോട്ടറായ ടാറ്റാ മോട്ടോഴ്‌സിന്റെയും മറ്റ് രണ്ട് നിക്ഷേപകരുടെയും കൈവശമുള്ള ഓഹരികള്‍ വില്‍ക്കുന്നതിനായി പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) ആയിരിക്കും നടത്തുന്നത്. പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല.
ടാറ്റാ ടെക്‌നോളജീസിന്റെ 9,57,08,984 ഓഹരികളാണ് വില്‍ക്കുന്നത്. ഇത് അടച്ചുതീര്‍ത്ത ഓഹരി മൂലധനത്തിന്റെ 23.60 ശതമാനം വരും.
ടാറ്റാ ടെക്‌നോളജീസില്‍ ടാറ്റാ മോട്ടോഴ്‌സിന് 74.42 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ടാറ്റാ മോട്ടോഴ്‌സിന്റെ കൈവശമുള്ള 8,11,33,706 ഓഹരികള്‍ ഐപിഒ വഴി വിറ്റഴിക്കും. ആല്‍ഫ ടിസി ഹോള്‍ഡിംഗ്‌സ് 97,16,853 ഓഹരികളും ടാറ്റ കാപ്പിറ്റല്‍ ഗ്രോത്ത് ഫണ്ട് 48,58,425 ഓഹരികളുമാണ് വില്‍ക്കുന്നത്.
2018ല്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസിന് 360 ദശലക്ഷം ഡോളറിന് ടാറ്റാ ടെക്‌നോളജീസിന്റെ 43 ശതമാനം ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ടാറ്റാ മോട്ടോഴ്‌സ് പിന്‍മാറിയിരുന്നു. ആ സമയത്ത് 837 ദശലക്ഷം ഡോളര്‍ ആയാണ് ടാറ്റാ ടെക്‌നോളജീസിന്റെ മൂല്യം കണക്കാക്കിയിരുന്നത്.
ഡിസംബറില്‍ ഐപിഒ നടത്തുന്നതിന് ടാറ്റാ മോട്ടോഴ്‌സ് അനുമതി നല്‍കിയിരുന്നു. ആഗോള തലത്തിലെ പ്രൊഡക്‌ട് എന്‍ജിനീയറിംഗ്, ഡിജിറ്റല്‍ സര്‍വീസസ് കമ്പനിയാണ് ടാറ്റാ ടെക്‌നോളജീസ്.
2004ല്‍ ടിസിഎസ് ആണ് ടാറ്റാ ഗ്രൂപ്പില്‍ നിന്ന് ഏറ്റവുമൊടുവില്‍ ഐപിഒ നടത്തിയത്. 2017ല്‍ എന്‍.ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ ആയതിനു ശേഷം ടാറ്റാ ഗ്രൂപ്പ് നടത്തുന്ന ആദ്യത്തെ ഐപിഒ ആയിരിക്കും ടാറ്റാ ടെക്‌നോളജീസിന്റേത്.
ടാറ്റാ ഓട്ടോകോംപ് സിസ്റ്റംസ് ഐപിഒ നടത്തുന്നതിനുള്ള പദ്ധതി കഴിഞ്ഞ ഡിസംബറില്‍ ഉപേക്ഷിച്ചിരുന്നു. ടാറ്റാ പ്ലേ (നേരത്തെ ടാറ്റാ സ്‌കൈ) ഐപിഒക്കുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്.
നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസ കാലയളവില്‍ 3011.8 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. 15.55 ശതമാനം വരുമാന വളര്‍ച്ചയാണ് മുന്‍ വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ കൈവരിച്ചത്. ഒന്‍പത് മാസ കാലയളവിലെ കമ്പനിയുടെ ലാഭം 407.5 കോടി രൂപയാണ്.
2021-22ല്‍ ടാറ്റാ ടെക്‌നോളജീസ് വരുമാനത്തില്‍ ശക്തമായ വളര്‍ച്ചയാണ് കൈവരിച്ചത്. 3529.6 കോടി രൂപയാണ് 2021-22ലെ കമ്പനിയുടെ വരുമാനം. നികുതിക്കു ശേഷമുള്ള ലാഭം 437 കോടി രൂപയാണ്.