ടാറ്റാ ടെക്‌നോളജീസിന്റെ ഐപിഒ വിപണിയിലെത്തും
ടാറ്റാ ഓട്ടോകോംപ് സിസ്റ്റംസ് ഐപിഒ നടത്തുന്നതിനുള്ള പദ്ധതി ഈ മാസം ഉപേക്ഷിച്ചിരുന്നു. ടാറ്റാ പ്ലേ ഐപിഒക്കുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്.
ടാറ്റാ മോട്ടോഴ്‌സിന്റെ സബ്‌സിഡറിയായ ടാറ്റാ ടെക്‌നോളജീസിന്റെ ഓഹരികള്‍ ഭാഗികമായി ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) വഴി വില്‍ക്കും. ഇതിന് ടാറ്റാ മോട്ടോഴ്‌സ് അനുമതി നല്‍കി. ആഗോള തലത്തിലെ പ്രൊഡക്‌ട് എന്‍ജിനീയറിംഗ്, ഡിജിറ്റല്‍ സര്‍വീസസ് കമ്പനിയാണ് ടാറ്റാ ടെക്‌നോളജീസ്.
2004ല്‍ ടിസിഎസ് ആണ് ടാറ്റാ ഗ്രൂപ്പില്‍ നിന്ന് ഏറ്റവുമൊടുവില്‍ ഐപിഒ നടത്തിയത്. 2017ല്‍ എന്‍.ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ ആയതിനു ശേഷം ടാറ്റാ ഗ്രൂപ്പ് നടത്തുന്ന ആദ്യത്തെ ഐപിഒ ആയിരിക്കും ടാറ്റാ ടെക്‌നോളജീസിന്റേത്.
ടാറ്റാ ഓട്ടോകോംപ് സിസ്റ്റംസ് ഐപിഒ നടത്തുന്നതിനുള്ള പദ്ധതി ഈ മാസം ഉപേക്ഷിച്ചിരുന്നു. ടാറ്റാ പ്ലേ (നേരത്തെ ടാറ്റാ സ്‌കൈ) ഐപിഒക്കുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്.
ടാറ്റാ ടെക്‌നോളജീസില്‍ ടാറ്റാ മോട്ടോഴ്‌സിന് 74 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. 2018ല്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസിന് 360 ദശലക്ഷം ഡോളറിന് ടാറ്റാ ടെക്‌നോളജീസിന്റെ 43 ശതമാനം ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ടാറ്റാ മോട്ടോഴ്‌സ് പിന്‍മാറിയിരുന്നു. ആ സമയത്ത് 837 ദശലക്ഷം ഡോളര്‍ ആയാണ് ടാറ്റാ ടെക്‌നോളജീസിന്റെ മൂല്യം കണക്കാക്കിയിരുന്നത്.
കഴിഞ്ഞ വര്‍ഷം ടാറ്റാ ടെക്‌നോളജീസ് വരുമാനത്തില്‍ ശക്തമായ വളര്‍ച്ചയാണ് കൈവരിച്ചത്. 3529.6 കോടി രൂപയാണ് 2021-22ലെ കമ്പനിയുടെ വരുമാനം. നികുതിക്കു ശേഷമുള്ള ലാഭം 437 കോടി രൂപയാണ്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 74 ശതമാനം ലാഭവളര്‍ച്ചയും 47 ശതമാനം വരുമാന വളര്‍ച്ചയുമാണ് കൈവരിച്ചത്.