വില പൂജ്യമാകാന്‍ പോകുന്ന ഓഹരി വാങ്ങാനും ആളുണ്ട്!
എക്കാലത്തെയും താഴ്‌ന്ന വിലയിലേക്ക് ഇടിഞ്ഞത് നിക്ഷേപാവസരമാണെന്ന തെറ്റിദ്ധാരണയിലാണ് നിക്ഷേപകര്‍ ഈ ഓഹരി വാങ്ങാന്‍ മുന്നോട്ടുവന്നത്.
സിന്‍ടെക്‌സ് ഇന്റസ്‌ട്രീസിനെ ഏറ്റെടുക്കാന്‍ റിലയന്‍സ് ഇന്റസ്‌ട്രീസിന് അനുമതി ലഭിച്ചു. ഏറ്റെടുക്കല്‍ പദ്ധതി പ്രകാരം സിന്‍ടെക്‌സ് ഇന്റസ്‌ട്രീസിന്റെ ഓഹരി മൂലധനം പൂജ്യമാകും. അതോടെ കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നും ഡിലിസ്റ്റ് ചെയ്യപ്പെടും.
സിന്‍ടെക്‌സ് ഇന്റസ്‌ട്രീസിന്റെ ഓഹരി വില പൂജ്യമായി മാറുമെന്നിരിക്കെ ഇന്നും ഈ ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ മുന്നോട്ടുവന്നു. എക്കാലത്തെയും താഴ്‌ന്ന വിലയിലേക്ക് ഇടിഞ്ഞത് നിക്ഷേപാവസരമാണെന്ന തെറ്റിദ്ധാരണയിലാണ് നിക്ഷേപകര്‍ ഈ ഓഹരി വാങ്ങാന്‍ മുന്നോട്ടുവന്നത്.
ഇന്ന് അഞ്ച് ശതമാനം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടിലാണ് ഈ ഓഹരിയെത്തിയത്. എന്‍എസ്‌ഇയില്‍ മാത്രം 47 ലക്ഷം ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്.
ഓഹരി വില ഇടിഞ്ഞതിന്റെ കാരണമെന്താണെന്ന് പരിശോധിക്കാതെ ഓഹരികള്‍ വാങ്ങുന്നവരാണ് ഇത്തരം കെണിയില്‍ അകപ്പെടുന്നത്. കമ്പനി ഡിലിസ്റ്റ് ചെയ്യപ്പെടുന്നതോടെ സിന്‍ടെക്‌സിലെ ഓഹരിയുടമകളുടെ നിക്ഷേപം തന്നെ പൂര്‍ണമായി ഇല്ലാതാകും.