ടിസിഎസിന്റെയും ഇന്‍ഫോസിസിന്റെയും ഓഹരികളില്‍ മുന്നേറ്റം
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ഐടി കമ്പനികള്‍ അവയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്‌ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐടി ഭീമന്‍മാരായ ടിസിഎസിന്റെയും ഇന്‍ഫോസിസിന്റെയും ഓഹരികളില്‍ ഇന്ന് മുന്നേറ്റം ദൃശ്യമായി. ജനുവരി 12നാണ് ഇരു കമ്പനികളുടെയും മൂന്നാം ത്രൈമാസ ഫലം പ്രഖ്യാപിക്കുന്നത്. ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ഐടി കമ്പനികള്‍ അവയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്‌ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടിസിഎസിന്റെ ഓഹരി വില ഇന്ന് മൂന്നര ശതമാനം ഉയര്‍ന്നാണ് വ്യാപാരം ആരംഭിച്ചത്. വെള്ളിയാഴ്‌ച 3853.50 രൂപക്ക് ക്ലോസ് ചെയ്‌ത ടിസിഎസ് ഇന്ന് വ്യാപാരം തുടങ്ങിയത് 3978 രൂപയിലാണ്. 3989.90 രൂപയാണ് ടിസിഎസിന്റെ എക്കാലത്തെയും ഉയര്‍ന്ന വില.
രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് ഓഹരികള്‍ തിരികെ വാങ്ങുന്നതു സംബന്ധിച്ച് ജനുവരി 12ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ പരിഗണിക്കും. അഞ്ച് വര്‍ഷത്തിനിടയില്‍ ഇത് നാലാമത്തെ തവണയാണ് ടിസിഎസ് ഓഹരികള്‍ തിരികെ വാങ്ങാനൊരുങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം 16,000 കോടി രൂപയുടെ ഓഹരികളാണ് ടിസിഎസ് നിക്ഷേപകരില്‍ നിന്നും തിരികെ വാങ്ങിയത്. 53.3 ദശലക്ഷം ഓഹരികള്‍ ഒരു ഓഹരിക്ക് 3000 രൂപ നിരക്കിലാണ് തിരികെ വാങ്ങിയത്. നിലവില്‍ 3815 രൂപയാണ് ടിസിഎസ് ഓഹരിയുടെ വില. 2018ലും ടിസിഎസ് 16,000 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങിയിരുന്നു. കഴിഞ്ഞ മൂന്ന് തവണയായി ഓഹരികള്‍ തിരികെ വാങ്ങുന്നതിലൂടെ ടിസിഎസ് നിക്ഷേപകര്‍ക്ക് നല്‍കിയത് 48,000 കോടി രൂപയാണ്.
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ ടിസിഎസിന്റെ പ്രവര്‍ത്തന ഫലം പൊതുവെ മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസും മികച്ച പ്രകടനം കാഴ്‌ച വെക്കുമെന്നാണ് പ്രതീക്ഷ.
വെള്ളിയാഴ്‌ച 1814.30 രൂപക്ക് ക്ലോസ് ചെയ്‌ത ഇന്‍ഫോസിസിന്റെ ഓഹരി വില ഇന്ന് 1864 രൂപ വരെ ഉയര്‍ന്നു. രണ്ടര ശതമാനത്തിലേറെയാണ് ഓഹരി വില ഉയര്‍ന്നത്.