ഓഹരി ഉടമസ്ഥതയില്‍ റെക്കോഡിട്ട് ചെറുകിട നിക്ഷേപകര്‍
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 50 ലക്ഷം പുതിയ ചെറുകിട നിക്ഷേപകരാണ് ഡീമാറ്റ് അക്കൗണ്ട് തുറന്നത്. ഓഹരി വിപണി നല്‍കുന്ന മികച്ച നേട്ടവും ഐപിഒകളുടെ പ്രവാഹവും ഒട്ടേറെ നിക്ഷേപകര്‍ ഡീമാറ്റ് അക്കൗണ്ട് തുറന്ന് നിക്ഷേപം ആരംഭിക്കുന്നതിന് പ്രേരണയായി.
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ എന്‍എസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌ത കമ്പനികളിലെ ചെറുകിട നിക്ഷേപകരുടെ ഉടമസ്ഥത എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. എന്‍എസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌ത കമ്പനികളില്‍ ചെറുകിട നിക്ഷേപകര്‍ക്ക് 7.18 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ 6.96 ശതമാനമായിരുന്നു ചെറുകിട നിക്ഷേപകരുടെ ഓഹരി ഉടമസ്ഥത. 2009 ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലാണ് ചെറുകിട നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം ഇതിന് മുമ്പ് ഉയര്‍ന്ന നിലയിലെത്തിയിരുന്നത്- 7.10 ശതമാനം.
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 50 ലക്ഷം പുതിയ ചെറുകിട നിക്ഷേപകരാണ് ഡീമാറ്റ് അക്കൗണ്ട് തുറന്നത്. ഓഹരി വിപണി നല്‍കുന്ന മികച്ച നേട്ടവും ഐപിഒകളുടെ പ്രവാഹവും ഒട്ടേറെ നിക്ഷേപകര്‍ ഡീമാറ്റ് അക്കൗണ്ട് തുറന്ന് നിക്ഷേപം ആരംഭിക്കുന്നതിന് പ്രേരണയായി.
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് പകരം നേരിട്ട് ഓഹരികള്‍ വാങ്ങുന്ന പ്രവണത ചെറുകിട നിക്ഷേപകര്‍ക്കിടയില്‍ ശക്തമായതും അവരുടെ ഓഹരി ഉടമസ്ഥത റെക്കോഡ് നിലവാരത്തിലെത്തുന്നതിന് കാരണമായി. കാഷ് വിപണിയുടെ 73 ശതമാനം വിറ്റുവരവും ചെറുകിട നിക്ഷേപകരാണ് സംഭാവന ചെയ്യുന്നത്.
ജൂണ്‍ 30ലെ കണക്ക് അനുസരിച്ച് ചെറുകിട നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ മൂല്യം 16.18 ലക്ഷം കോടി രൂപയാണ്. ഓഹരികളുടെ മൂല്യത്തില്‍ മുന്‍ത്രൈമാസത്തെ അപേക്ഷിച്ച് 16.07 ശതമാനം വര്‍ധനയാണുണ്ടായത്.