റെപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ
നടപ്പുസാമ്പത്തിക വര്‍ഷം 7.2 ശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്. 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുള്ള നിഗമനം.
റിസര്‍വ് ബാങ്ക് പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ധന നയ അവലോകനം നടത്തി. റിസര്‍വ് ബാങ്കിന്റെ ധനകാര്യ നയ സമിതി റെപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല. റെപ്പോ നിരക്ക് നാല് ശതമാനമായി തുടരും. റിവേഴ്‌സ് റെപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ചു. 3.75 ശതമാനമാണ് പുതിയ റെപ്പോ നിരക്ക്.
മാര്‍ജിനല്‍ സ്റ്റാന്റിംഗ് ഫെസിലിറ്റി (എംഎസ്‌എഫ്) നിരക്കും ബാങ്ക് നിരക്കും മാറ്റമില്ലാതെ 4.25 ശതമാനമായി തുടരും.
ഉപഭോഗ്‌തൃ വില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം നടപ്പുസാമ്പത്തിക വര്‍ഷം 5.7 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 6.3 ശതമാനവും ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ 5 ശതമാനവും ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 5.4 ശതമാനവും ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ 5.1 ശതമാനവുമാണ് പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം.
നടപ്പുസാമ്പത്തിക വര്‍ഷം 7.2 ശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ അനുമാനം. 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുള്ള അനുമാനം.
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 16.2 ശതമാനം ജിഡിപി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ 6.2 ശതമാനവും ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 4.1 ശതമാനവും ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ 4 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നു.