റിയല്‍ എസ്റ്റേറ്റ് മേഖലയിലും പുതിയ ലിസ്റ്റിംഗ് വരുന്നു
ഇന്ത്യയിലെ ഏറ്റവും വലി റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നായ ലോധാ ഡെവലപ്പേഴ്‌സ് ഐപിഒ വഴി 2500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഉണര്‍വ് പ്രകടമായ സാഹചര്യത്തിലാണ് കമ്പനി ഐപിഒ ഇറക്കാന്‍ തീരുമാനിച്ചത്.
ഐപിഒ വിപണി ചൂട് പിടിച്ചപ്പോള്‍ ഏറെയായി പുതിയ ലിസ്റ്റിംഗ് നടക്കാത്ത മേഖലകളില്‍ നിന്നു പോലും ഓഹരി വില്‍പ്പനക്കായി കമ്പനികള്‍ മുന്നോട്ടുവരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖല ഉദാഹരണം. നേരത്തെ ലോധാ ഡെവലപ്പേഴ്‌സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മാക്രോടെക് ഡെവലപ്പേഴ്‌സ് ഐപിഒ പുറത്തിറക്കുന്നതിനായി സെബി മുമ്പാകെ ഡ്രാഫ്‌റ്റ് സമര്‍പ്പിച്ചു.
ഇന്ത്യയിലെ ഏറ്റവും വലി റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നായ ലോധാ ഡെവലപ്പേഴ്‌സ് ഐപിഒ വഴി 2500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഉണര്‍വ് പ്രകടമായ സാഹചര്യത്തിലാണ് കമ്പനി ഐപിഒ ഇറക്കാന്‍ തീരുമാനിച്ചത്. ഭവനവില്‍പ്പന മെച്ചപ്പെട്ടതും പലിശ നിരക്ക് കുറഞ്ഞതും റിയല്‍ എസ്റ്റേറ്റ് മേഖലക്ക് പുതിയ ഉണര്‍വാണ് നല്‍കിയത്. മാര്‍ച്ചോടെ ആവശ്യമായ രേഖകള്‍ സെബി മുമ്പാകെ കമ്പനി സമര്‍പ്പിക്കും. കടബാധ്യത കുറയ്‌ക്കാനും ഭൂമി ഏറ്റെടുക്കുന്നതിനും പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായുമാണ് കമ്പനി ഓഹരി വില്‍പ്പനയിലൂടെ ധനസമാഹരണം നടത്തുന്നത്. 2009ലും 2018ലും ലോധ ഗ്രൂപ്പ് ലിസ്റ്റിംഗിന് ഒരുക്കം നടത്തിയിരുന്നുവെങ്കിലും വിപണി സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ പിന്‍വാങ്ങുകയായിരുന്നു.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നുള്ള കമ്പനികളുടെ ലിസ്റ്റിംഗ് നടന്നിട്ട് ഏതാനും വര്‍ഷമായെങ്കിലും റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്‍ര് ട്രസ്റ്റു (റെയ്‌റ്റ്) കളുടെ ഐപിഒ നടന്നിരുന്നു. ബ്രൂക്ക്‌ഫീല്‍ഡ് ഇന്ത്യയുടെ റെയ്‌റ്റ് കഴിഞ്ഞ മാസമാണ് ലിസ്റ്റ് ചെയ്‌തത്. ഇന്ത്യയിലെ മൂന്നാമത്തെ റെയ്‌റ്റ് ഐപിഒ ആണിത്.
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ കോവിഡ് മൂലമുള്ള പ്രതികൂല സാഹചര്യം റിയല്‍ എസ്റ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിച്ചെങ്കിലും ജൂലായ് മുതല്‍ താങ്ങാവുന്ന വിലയിലുള്ള ഭവനങ്ങളുടെ വില്‍പ്പന മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഈയിടെ പ്രസിദ്ധീകരിച്ച സാമ്പത്തിക സര്‍വേയില്‍ പറയുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് മേഖല വെല്ലുവിളികള്‍ നേരിടുകയായിരുന്നു. മഹാമാരിയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയെ തളര്‍ത്തിയ ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ സമ്പദ്‌വ്യവസ്ഥ കരകയറ്റം നടത്തുന്നതിന്റെ ലക്ഷണങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ കഷ്‌ടകാലം അവസാനിച്ചുവെന്ന സൂചനയാണ് നല്‍കുന്നത്.
ഭവനവായ്‌പയുടെ പലിശനിരക്ക് എക്കാലത്തെയും കുറഞ്ഞ നിലവാരത്തിലെത്തിയതും ചില സംസ്ഥാനങ്ങളില്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടികുറച്ചതും റിയല്‍ എസ്റ്റേറ്റ് മേഖലക്ക് പുതിയ ഊര്‍ജമാണ് പകരുന്നത്. മഹാരാഷ്‌ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ രജിസ്‌ട്രേഷന്‍ ഫീസ് കുറച്ചത് ഭവനങ്ങള്‍ വാങ്ങാന്‍ കൂടുതലായി ആളുകള്‍ മുന്നോട്ടുവരുമെന്ന പ്രതീക്ഷക്ക് വഴിവെച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസമായി ഡിഎല്‍എഫ്, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ്, മഹീന്ദ്ര ലൈഫ് സ്‌പേസ്, ശോഭ ലിമിറ്റഡ്, ബ്രിഗേഡ് എന്റര്‍പ്രൈസസ് തുടങ്ങിയ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരി വില ശക്തമായി ഉയര്‍ന്നത് ഈ മേഖലയിലെ ബിസിനസ് മെച്ചപ്പെടുന്നതിന്റെ സൂചനകളെ തുടര്‍ന്നാണ്.
ഈയിടെയായി റിയല്‍ എസ്റ്റേറ്റ് ഓഹരികളുടെ പ്രകടനം സെന്‍സെക്‌സിനേക്കാള്‍ മികച്ചതാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ് സൂചിക 42 ശതമാനത്തോളമാണ് ഉയര്‍ന്നത്. അതേ സമയം ഇക്കാലയളവില്‍ സെന്‍സെക്‌സ് 17 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്.
ഹ്രസ്വകാലയളവിലെ ശക്തമായ കുതിപ്പിനു ശേഷം ചില റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ ന്യായമായ മൂല്യത്തിലാണ് വ്യാപാരം ചെയ്യുന്നത്. ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് പോലുള്ള ഓഹരികള്‍ ചെലവേറിയ നിലയിലാണെങ്കിലും ഡിഎല്‍എഫ് പോലുള്ള ഓഹരികള്‍ ഇപ്പോഴും അത്തരമൊരു നിലവാരത്തിലെത്തിയിട്ടില്ല. ഡിഎല്‍എഫിന്റെ പുസ്‌തക മൂല്യം ഓഹരി വിലയുടെ 2.18 മടങ്ങ് മാത്രമാണ്. ശോഭാ ഡെവലപ്പേഴ്‌സിന്റെ ഓഹരി വില പുസ്‌തക മൂല്യത്തിന്റെ 1.72 മടങ്ങ് മാത്രമാണ്.