ചെറുകിട നിക്ഷേപകരുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം 150% വര്‍ധിച്ചു
ചെറുകിട നിക്ഷേപകര്‍ 1.6 ലക്ഷം കോടി രൂപയാണ് 2021-22ല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചത്. 2020-21ല്‍ 64,083 കോടി രൂപയായിരുന്നു മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം.
ചെറുകിട നിക്ഷേപകരുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 150 ശതമാനം വളര്‍ച്ചയുണ്ടായി. മൊത്തം ഗാര്‍ഹിക സമ്പാദ്യത്തില്‍ 19 ശതമാനം ഇടിവുണ്ടായപ്പോഴും മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വര്‍ധിക്കുകയാണ് ചെയ്‌തത്.
ചെറുകിട നിക്ഷേപകര്‍ 1.6 ലക്ഷം കോടി രൂപയാണ് 2021-22ല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചത്. 2020-21ല്‍ 64,083 കോടി രൂപയായിരുന്നു മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം.
25 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെറുകിട നിക്ഷേപകര്‍ സമ്പാദിച്ചത്. ഇതില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ പങ്ക് 6.3 ശതമാനമാണ്. റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപത്തിലുണ്ടായ ഗണ്യമായ വര്‍ധനയാണ് ഗാര്‍ഹിക സമ്പാദ്യത്തില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ പങ്ക് ഉയരുന്നതിന് വഴിവെച്ചത്. എസ്‌ഐപി സംസ്‌കാരം പടര്‍ന്നുപിടിച്ചത് മാസവരുമാനക്കാര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് വര്‍ധിക്കുന്നതിന് വഴിവെച്ചു. ബാങ്ക് ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് കുത്തനെ കുറഞ്ഞതും ഓഹരി വിപണിയില്‍ അധിഷ്‌ഠിതമായ ഫണ്ടുകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചു.
2021-22ല്‍ 10 ദശലക്ഷം പേരാണ് പുതുതായി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചു തുടങ്ങിയത്. എസ്‌ഐപി വഴി മാത്രം കഴിഞ്ഞ സാത്തിക വര്‍ഷം 1.2 ലക്ഷം കോടി രൂപ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടു. ഓഹരി വിപണി ശക്തമായ ചാഞ്ചാട്ടം നേരിട്ടപ്പോഴും എസ്‌ഐപി നിക്ഷേപം തുടര്‍ന്നത് ചെറുകിട നിക്ഷേപകര്‍ ആരോഗ്യകരമായ നിക്ഷേപ ശീലം ആര്‍ജിച്ചതിന്റെ സൂചനയാണ്.
മുന്‍കാലങ്ങളില്‍ ഓഹരി വിപണിയില്‍ തിരുത്തല്‍ ഉണ്ടാകുമ്പോള്‍ ഇക്വിറ്റി ഫണ്ടുകളില്‍ വില്‍പ്പന സമ്മര്‍ദം ശക്തമാകുന്നതും എസ്‌ഐപി നിക്ഷേപം ഗണ്യമായി കുറയുന്നതുമാണ് കണ്ടിരുന്നത്. എന്നാല്‍ ഈ രീതിയില്‍ മാറ്റം കണ്ടത് എസ്‌ഐപി നിക്ഷേപകര്‍ പക്വതയാര്‍ജിച്ചുവെന്നാണ് വ്യക്തമാക്കുന്നത്.
ഗാര്‍ഹിക സമ്പാദ്യത്തിന്റെ 26 ശതമാനം ഇപ്പോഴും ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളാണ്. എന്നാല്‍ മുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുകിട നിക്ഷേപകരുടെ ബാങ്ക് എഫ്‌ഡി നിക്ഷേപത്തില്‍ 45 ശതമാനം ഇടിവാണുണ്ടായത്. 2020-21ല്‍ 12.59 ലക്ഷം കോടി രൂപയായിരുന്ന ചെറുകിട നിക്ഷേപകരുടെ ബാങ്ക് സ്ഥിരനിക്ഷേപം 2021-22ല്‍ 6.95 ലക്ഷം കോടി രൂപയായി കുറഞ്ഞു.
5.81 ലക്ഷം കോടി രൂപയാണ് ചെറുകിട നിക്ഷേപകര്‍ പ്രോവിഡന്റ് ഫണ്ടുകളിലും പെന്‍ഷന്‍ ഫണ്ടുകളിലും നിക്ഷേപിച്ചിരിക്കുന്നത്. ഗാര്‍ഹിക സമ്പാദ്യത്തിന്റെ 23 ശതമാനം പ്രോവിഡന്റ് ഫണ്ടുകളും പെന്‍ഷന്‍ ഫണ്ടുകളുമാണ്. ലൈഫ് ഇന്‍ഷുറന്‍സ് ഫണ്ടുകളില്‍ 17 ശതമാനവും ചെറുകിട സമ്പാദ്യ പദ്ധതികളില്‍ 13 ശതമാനവുമാണ് നിക്ഷേപിച്ചിരിക്കുന്നത്.