2021-22ല്‍ തുറന്നത് 3.17 കോടി മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുകള്‍
2020-21ല്‍ 81 ലക്ഷം പുതിയ മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുകളാണ് തുറയ്‌ക്കപ്പെട്ടിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ അക്കൗണ്ടുകളിലുണ്ടായ വര്‍ധന ഗണ്യമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.17 കോടി പുതിയ അക്കൗണ്ടുകളാണ് മ്യൂച്വല്‍ ഫണ്ടുകള്‍ തുറന്നത്. ഓഹരി വിപണിയിലുണ്ടായ മുന്നേറ്റം, മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ച് നിക്ഷേപകര്‍ക്കിടയിലുണ്ടായ ബോധവല്‍ക്കരണം, ഡിജിറ്റല്‍വല്‍ക്കരണത്തെ തുടര്‍ന്ന് ഇടപാടുകള്‍ നടത്താനുള്ള എളുപ്പം തുടങ്ങിയ ഘടകങ്ങളാണ് മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയ്‌ക്ക് വഴിവെച്ചത്.
2020-21ല്‍ 81 ലക്ഷം പുതിയ മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുകളാണ് തുറയ്‌ക്കപ്പെട്ടിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ അക്കൗണ്ടുകളിലുണ്ടായ വര്‍ധന ഗണ്യമാണ്.
ഈ വര്‍ഷവും മ്യൂച്വല്‍ ഫണ്ടുകളിലേക്ക് കൂടുതല്‍ നിക്ഷേപമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥിരവരുമാന മാര്‍ഗങ്ങളില്‍ നിന്നുള്ള റിട്ടേണ്‍ കുത്തനെ കുറഞ്ഞതാണ് കാരണം.
മുന്‍കാലങ്ങളില്‍ ഓഹരി വിപണിയില്‍ തിരുത്തലുണ്ടാകുമ്പോള്‍ ആശങ്ക മൂലം നിക്ഷേപം പിന്‍വലിക്കുന്നതായിരുന്നു ചെറുകിട നിക്ഷേപകരുടെ രീതി. എന്നാല്‍ ഈ മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. വ്യാപകമായ ബോധവല്‍ക്കരണം ഇതിന് കാരണമായിട്ടുണ്ട്. തിരുത്തലുകള്‍ നിക്ഷേപാവസരമാണെന്ന ബോധ്യം കൂടുതല്‍ നിക്ഷേപകര്‍ വിപണിയിലേക്ക് എത്തുന്നതിന് പ്രേരണയായിട്ടുണ്ട്.
43 ഫണ്ട് ഹൗസുകള്‍ കൈകാര്യം ചെയ്യുന്ന അക്കൗണ്ടുകള്‍ 12.95 കോടിയായാണ് ഉയര്‍ന്നത്. 9.78 കോടി അക്കൗണ്ടുകളാണ് 2021 മാര്‍ച്ച് 31ന് ഉണ്ടായിരുന്നത്. 2021 മെയിലാണ് അക്കൗണ്ടുകളുടെ എണ്ണം 10 കോടി മറികടന്നത്.