മണപ്പുറം 13% ഇടിഞ്ഞ് 52 ആഴ്‌ചത്തെ താഴ്‌ന്ന വിലയിലെത്തി
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ ലാഭത്തില്‍ 46 ശതമാനം ഇടിവുണ്ടായതിനെ തുടര്‍ന്നാണ് മണപ്പുറത്തിന്റെ ഓഹരി വില കനത്ത ഇടിവ് നേരിട്ടത്.
സ്വര്‍ണ വായ്‌പാ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില ഇന്ന് 13 ശതമാനം ഇടിഞ്ഞ് 52 ആഴ്‌ചത്തെ താഴ്‌ന്ന വില രേഖപ്പെടുത്തി. എന്‍എസ്‌ഇയില്‍ 123.75 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ താഴ്‌ന്ന വില.
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ ലാഭത്തില്‍ 46 ശതമാനം ഇടിവുണ്ടായതിനെ തുടര്‍ന്നാണ് മണപ്പുറത്തിന്റെ ഓഹരി വില കനത്ത ഇടിവ് നേരിട്ടത്. 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയായ 224.75 രൂപയില്‍ നിന്നും 45 ശതമാനം താഴെയായാണ് ഈ ഓഹരി വ്യാപാരം ചെയ്യുന്നത്.
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ മണപ്പുറത്തിന്റെ ലാഭം 261 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ കമ്പനിയുടെ ലാഭം 483 കോടി രൂപയായിരുന്നു.
കമ്പനിയുടെ അറ്റ പലിശ വരുമാനത്തില്‍ 12 ശതമാനം ഇടിവുണ്ടായി. 915 കോടി രൂപയാണ് അറ്റ പലിശ വരുമാനം. മൊത്തം വരുമാനം 1650 കോടി രൂപയില്‍ നിന്നും 1506.85 കോടി രൂപയായി കുറഞ്ഞു.
കമ്പനിയുടെ നികുതിക്കു മുമ്പുള്ള ലാഭം 47 ശതമാനം ഇടിഞ്ഞു. 347 കോടി രൂപയാണ് നികുതിക്കു മുമ്പുള്ള ലാഭം. മൈക്രോഫിനാന്‍സ് ബിസിനസില്‍ നിന്നുള്ള നികുതിക്കു മുമ്പുള്ള ലാഭം 32.18 കോടി രൂപയില്‍ നിന്നും 0.78 കോടി രൂപയായി കുറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ മണപ്പുറത്തിന്റെ ഓഹരി വില 35 ശതമാനം ഇടിവാണ് നേരിട്ടത്. ഇക്കാലയളവില്‍ സെന്‍സെക്‌സിലുണ്ടായത് ഏഴ് ശതമാനം ഇടിവ് മാത്രമാണ്.