കിറ്റെക്‌സ് എട്ട് ശതമാനം ഉയര്‍ന്നത് എന്തുകൊണ്ട്?
കിറ്റെക്‌സിന്റെ ഓഹരി ഓഗസ്റ്റ് 23ന് 141.8 രൂപ വരെ ഇടിഞ്ഞിരുന്നു. ഈ നിലവാരത്തില്‍ നിന്നുള്ള കരകയറ്റമാണ് സെപ്‌റ്റംബറില്‍ കണ്ടത്.
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരി വില ഇന്ന് 181 രൂപ വരെ ഉയര്‍ന്നു. എട്ട് ശതമാനം നേട്ടത്തോടെയാണ് കിറ്റെക്‌സ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
രണ്ട് വസ്‌ത്ര നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നതു സംബന്ധിച്ച് തെലുങ്കാന സര്‍ക്കാരുമായി കിറ്റെക്‌സ് ധാരണാപത്രം ഒപ്പുവെച്ചതിനെ തുടര്‍ന്നാണ് ഓഹരി വില ഇന്ന് ഉയര്‍ന്നത്. ഇന്നലെ 167.45 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്‌തിരുന്നത്.
തെലുങ്കാനയില്‍ ആയിരം കോടി രൂപ മുതല്‍മുടക്കില്‍ വസ്‌ത്രനിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ തത്വത്തിലുള്ള അനുമതി നേരത്തെ കിറ്റെക്‌സിന് ലഭിച്ചിരുന്നു.
ബിസിനസ് ചെയ്യുന്നതിനുള്ള അനുകൂല അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാരില്‍ നിന്നുള്ള വിവിധ ആനുകൂല്യങ്ങളുമാണ് തെലുങ്കാനയില്‍ വിപുലീകരണം നടത്തുന്നതിന് കമ്പനിയെ പ്രേരിപ്പിച്ചതെന്ന് കിറ്റെക്‌സ് വ്യക്തമാക്കിയിരുന്നു.
ജൂലായ് 15ന് രേഖപ്പെടുത്തിയ 223.9 രൂപയാണ് കിറ്റെക്‌സിന്റെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില. അതിനു ശേഷം തിരുത്തല്‍ നേരിട്ട ഓഹരി ഓഗസ്റ്റ് 23ന് 141.8 രൂപ വരെ ഇടിഞ്ഞിരുന്നു. ഈ നിലവാരത്തില്‍ നിന്നുള്ള കരകയറ്റമാണ് സെപ്‌റ്റംബറില്‍ കണ്ടത്.