ജിയോ ഫിനാന്‍ഷ്യല്‍ രണ്ടാമത്തെ ദിവസവും 5% ഇടിഞ്ഞു
സൂചികയില്‍ ഉള്‍പ്പെടാത്ത ഓഹരികള്‍ ഇന്‍ഡക്‌സ് ഫണ്ടുകള്‍ക്ക് കൈവശം വെക്കാനാകാത്തതിനാല്‍ അവ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ വിറ്റേ മതിയാകൂ.
ലിസ്റ്റിംഗിനു ശേഷം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും അഞ്ച് ശതമാനം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടിലെത്തി. നിലവില്‍ ഈ ഓഹരിയില്‍ ഒരു ദിവസം അനുവദനീയമായ പരമാവധി വില വ്യതിയാനം അഞ്ച് ശതമാനമാണ്.
ഇന്നലെ ബിഎസ്‌ഇയില്‍ 265 രൂപയ്‌ക്കു ലിസ്റ്റ് ചെയ്‌തത് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ 239.20 രൂപയിലേക്കാണ് ഇടിഞ്ഞത്. എന്‍എസ്‌ഇയില്‍ 262 രൂപയ്‌ക്കു ലിസ്റ്റ് ചെയ്‌ത ഓഹരിയുടെ ഇപ്പോഴത്തെ വില 236.45 രൂപയാണ്.
പ്രധാനമായും ഇന്‍ഡക്‌സ് ഫണ്ടുകളുടെ വില്‍പ്പനയാണ് ഓഹരി വിലയിലെ ഇടിവിന് വഴിയൊരുക്കിയത്. സൂചികയില്‍ ഉള്‍പ്പെടാത്ത ഓഹരികള്‍ ഇന്‍ഡക്‌സ് ഫണ്ടുകള്‍ക്ക് കൈവശം വെക്കാനാകാത്തതിനാല്‍ അവ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ വിറ്റേ മതിയാകൂ.
ഓഗസ്റ്റ് 24ന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ നിഫ്‌റ്റിയില്‍ നിന്നും സെന്‍സെക്‌സില്‍ നിന്നും ഒഴിവാക്കുന്നതിനാല്‍ കൂടുതല്‍ വില്‍പ്പന സമ്മര്‍ദം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. നിഫ്‌റ്റിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ 9 കോടി ഓഹരികള്‍ കൂടി വില്‍പ്പനക്ക് വിധേയമാകും.
ഇന്നലെ വ്യാപാരം ആരംഭിച്ച ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വ്യാപാരം തുടങ്ങി 20 മിനുട്ടിനകം അഞ്ച് ശതമാനം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടില്‍ എത്തുകയായിരുന്നു. ഇന്ന് 5 ശതമാനം ഇടിവോടെയാണ് ഓഹരി വ്യാപാരം തുടങ്ങിയത്.
ജൂലായ് 20ന് മുമ്പ് റിലയന്‍സിന്റെ ഓഹരികള്‍ വാങ്ങിയവര്‍ക്കാണ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ ലഭിച്ചിത്. റിലയന്‍സിന്റെ ഓരോ ഓഹരിക്കും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓരോ ഓഹരിയാണ് അനുവദിച്ചത്. റിലയന്‍സിന്റെ ഓഹരികള്‍ കൈവശം വെക്കുന്ന ഇന്‍ഡക്‌സ് ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ ലഭിച്ചു. ഈ ഓഹരികളാണ് ഇന്‍ഡക്‌സ് ഫണ്ടുകള്‍ വിറ്റഴിക്കുന്നത്.