ജുന്‍ജുന്‍വാലയുടെ നിക്ഷേപമൂല്യം 2 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി
2020 ഡിസംബറില്‍ 16,727 കോടി രൂപയായിരുന്ന പോര്‍ട്‌ഫോളിയോയാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ 100 ശതമാനത്തോളം വളര്‍ച്ച കൈവരിച്ചത്.
കഴിഞ്ഞ ഓഗസ്റ്റില്‍ അന്തരിച്ച വിഖ്യാത നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്‌ഫോളിയോയുടെ മൂല്യം രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി. രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യ രേഖ ജുന്‍ജുന്‍വാലയ്‌ക്ക് കൂടി പങ്കാളിത്തമുള്ളതാണ് രേഖ ജുന്‍ജുന്‍വാല & അസോസിയേറ്റ്‌സ്.
ഇപ്പോള്‍ രേഖ ജുന്‍ജുന്‍വാല & അസോസിയേറ്റ്‌സിന്റെ പോര്‍ട്‌ഫോളിയോയുടെ മൂല്യം 32,000 കോടി രൂപയാണ്. 2020 ഡിസംബറില്‍ 16,727 കോടി രൂപയായിരുന്ന പോര്‍ട്‌ഫോളിയോയാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ 100 ശതമാനത്തോളം വളര്‍ച്ച കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പോര്‍ട്‌ഫോളിയോയുടെ മൂല്യം 24,500 കോടി രൂപയായിരുന്നു.
ടൈറ്റാന്‍ കമ്പനിയിലാണ് ജുന്‍ജുന്‍വാല ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. 12,318 കോടി രൂപയാണ് ടൈറ്റാനിലെ നിക്ഷേപത്തിന്റെ മൂല്യം. ടൈറ്റാനില്‍ 5.5 ശതമാനം ഓഹരി പങ്കാളിത്തമാണ് ജുന്‍ജുന്‍വാലയ്‌ക്കുള്ളത്.
സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അല്ലൈഡ് ഇന്‍ഷുറന്‍സ് കമ്പനിയാണ് ഓഹരി പങ്കാളിത്തത്തില്‍ രണ്ടാം സ്ഥാനത്ത്. 5789.8 കോടി രൂപയാണ് ഈ കമ്പനിയിലെ നിക്ഷേപമൂല്യം. കമ്പനിയുടെ 17.5 ശതമാനം ഓഹരികള്‍ ജുന്‍ജുന്‍വാലയുടെ കൈവശമുണ്ട്. ഈ വര്‍ഷം സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അല്ലൈഡ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഹരി വില 28 ശതമാനമാണ് ഇടിഞ്ഞത്.
മെട്രോ ബ്രാന്റ്‌സ് ആണ് നിക്ഷേപത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. 3298 കോടി രൂപയാണ് നിക്ഷേപമൂല്യം. ടാറ്റാ മോട്ടോഴ്‌സ്, ക്രിസില്‍ തുടങ്ങിയ ഓഹരികളില്‍ 1000 കോടി രൂപയുടെ നിക്ഷേപമുണ്ട്.
33 കമ്പനികളിലാണ് ജുന്‍ജുന്‍വാലയ്‌ക്ക് ഒരു ശതമാനത്തിലേറെ ഓഹരി പങ്കാളിത്തമുള്ളത്. ഈ ഓഹരികളില്‍ ബില്‍കെയര്‍, ഡിഷ്‌മാന്‍ കാര്‍ബോജന്‍ അമിക്‌സ്, നസാര ടെക്‌നോളജീസ് തുടങ്ങിയവ ഈ വര്‍ഷം 50 ശതമാനത്തിലേറെ ഇടിഞ്ഞു.
ജുന്‍ജുന്‍വാലയുടെ പോര്‍ട്‌ഫോളിയോയില്‍ ഈ വര്‍ഷം 100 ശതമാനത്തിലേറെ വില ഉയര്‍ന്ന ഏക ഓഹരി കരൂര്‍ വൈശ്യ ബാങ്ക് ആണ്. 136 ശതമാനമാണ് ഈ ഓഹരിയുടെ വില ഈ വര്‍ഷം ഉയര്‍ന്നത്. ഡിബി റിയാല്‍റ്റി, മെട്രോ ബ്രാന്റ്‌സ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ഫെഡറല്‍ ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ ഓഹരികള്‍ 52 ശതമാനം മുതല്‍ 96 ശതമാനം വരെ ഉയര്‍ന്നു.