ഐടിസി 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയുടെ തൊട്ടരികെ
കഴിഞ്ഞ മൂന്ന്-ആറ് മാസ കാലയളവില്‍ വേറിട്ട പ്രകടനമാണ് ഐടിസി കാഴ്‌ച വെക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിഫ്‌റ്റി 12 ശതമാനം ഇടിഞ്ഞപ്പോള്‍ ഐടിസിയുടെ ഓഹരി 10 ശതമാനം ഉയരുകയാണ് ചെയ്‌തത്.
ഐടിസിയുടെ ഓഹരി വില രണ്ട് ശതമാനം ഉയര്‍ന്ന് 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയുടെ തൊട്ടരികിലെത്തി. 279 രൂപ വരെയാണ് ഇന്ന് ഓഹരി വില ഉയര്‍ന്നത്. കഴിഞ്ഞ മെയ് 20ന് രേഖപ്പെടുത്തിയ 282.30 രൂപയാണ് 52 ആഴ്‌ചത്തെ ഉയര്‍ന്ന വില.
കഴിഞ്ഞ മൂന്ന്-ആറ് മാസ കാലയളവില്‍ പൊതുവിപണിയില്‍ നിന്നും വേറിട്ട പ്രകടനമാണ് ഐടിസി കാഴ്‌ച വെക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിഫ്‌റ്റി 12 ശതമാനം ഇടിഞ്ഞപ്പോള്‍ ഐടിസിയുടെ ഓഹരി വില 10 ശതമാനം ഉയരുകയാണ് ചെയ്‌തത്.
കഴിഞ്ഞ ആറ് മാസത്തിനിടെ ഐടിസി 28 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ നിഫ്‌റ്റി 10 ശതമാനം തിരുത്തല്‍ നേരിട്ടു.
കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയിലെ മുന്നേറ്റത്തില്‍ പങ്കുകൊള്ളാതിരുന്ന ഐടിസി ഇപ്പോള്‍ വിപണിയിലെ തിരുത്തല്‍ ഗൗനിക്കാതെയുള്ള മുന്നേറ്റമാണ് കാഴ്‌ച വെക്കുന്നത്.
ഐടിസിയുടെ ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ ലാഭത്തില്‍ 11.60 ശതമാനം വളര്‍ച്ചയാണുണ്ടായത്. 4530 കോടി രൂപയാണ് നാലാം ത്രൈമാസത്തിലെ ഐടിസിയുടെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവില്‍ 3817 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചിരുന്നത്. വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന ലാഭമാണ് ഐടിസി കൈവരിച്ചത്. പ്രവര്‍ത്തന വരുമാനത്തില്‍ 16 ശതമാനം വളര്‍ച്ചയാണുണ്ടായത്.
പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ഡിമാന്റിലുണ്ടായ കരകയറ്റം, സിഗരറ്റ് ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള ലാഭം വര്‍ധിക്കാനുള്ള സാധ്യത, എഫ്‌എംസിജി ബിസിനസിലെ ശക്തമായ വില്‍പ്പന തുടങ്ങിയ ഘടകങ്ങളാണ് ഐടിസി തുടര്‍ന്നും മികച്ച പ്രകടനം കാഴ്‌ച വെക്കാന്‍ സാധ്യത കല്‍പ്പിക്കുന്നതിന് പിന്നില്‍.
കമ്പനിയുടെ വരുമാനത്തിന്റെ 80 ശതമാനവും സിഗരറ്റ് ഉല്‍പ്പന്നങ്ങളുടെ ബിസിനസില്‍ നിന്നാണ്. അനുകൂലമായ നികുതി ഘടന മൂലം സിഗരറ്റ് വില വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനും അതു വഴി ഡിമാന്റ് കുറയാതെ നിലനിര്‍ത്താനും ഐടിസിക്ക് സാധിക്കുന്നു.