ഐഇഎക്‌സ് ബോണസ് നല്‍കിയതിനു ശേഷം 15% ഉയര്‍ന്നു
ഇന്നലെ വരെ ഐഇഎക്‌സ് ഓഹരികള്‍ കൈവശം വെച്ചവര്‍ക്കാണ് ഒന്നിന് രണ്ട് എന്ന അനുപാതത്തില്‍ ബോണസ് ഓഹരികള്‍ അനുവദിച്ചത്.
ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് (ഐഇഎക്‌സ്) ഓഹരികള്‍ ഇന്ന് 15 ശതമാനം വരെ ഉയര്‍ന്നു. ഒരു ഓഹരിക്ക് രണ്ട് ഓഹരികള്‍ വീതം ബോണസ് അനുവദിച്ചതിനെ തുടര്‍ന്നാണ് ഓഹരി വിലയില്‍ കുതിപ്പുണ്ടായത്.
ഇന്നലെ ക്ലോസ് ചെയ്‌ത വില അനുസരിച്ച് ബോണസിനു ശേഷം ഒരു ഓഹരിയുടെ വില 243.18 രൂപയാണ്. ഇന്ന് ഐഇഎക്‌സ് വില 279.65 രൂപ വരെ ഉയര്‍ന്നു. പത്ത് ശതമാനം ഉയര്‍ന്നതിനെ തുടര്‍ന്ന് കുറച്ചു നേരത്തേക്ക് ഓഹരി അപ്പര്‍സര്‍ക്യൂട്ടിലെത്തിയിരുന്നു. ഇതിനു ശേഷം വീണ്ടും വ്യാപാരം ആരംഭിച്ചതിനെ തുടര്‍ന്നാണ് 279.65 രൂപ വരെ ഉയര്‍ന്നത്. പിന്നീട് ഭാഗികമായ ലാഭമെടുപ്പ് ദൃശ്യമാവുകയും വില 265 രൂപയുടെ താഴേക്ക് വരികയും ചെയ്‌തു.
ഇന്നലെ വരെ ഐഇഎക്‌സ് ഓഹരികള്‍ കൈവശം വെച്ചവര്‍ക്കാണ് ഒന്നിന് രണ്ട് എന്ന അനുപാതത്തില്‍ ബോണസ് ഓഹരികള്‍ അനുവദിച്ചത്. ഓഹരിയുടെ വില ആനുപാതികമായി കുറയുമെങ്കിലും പത്ത് രൂപ മുഖവിലയുള്ള മൂന്ന് ഓഹരികളാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെ 125 ശതമാനമാണ് ഐഇഎക്‌സ് ഓഹരി വില ഉയര്‍ന്നത്. ഇക്കാലയളവില്‍ സെന്‍സെക്‌സിലുണ്ടായ മുന്നേറ്റം 12 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 273 ശതമാനമാണ് ഈ ഓഹരി ഉയര്‍ന്നത്. ഇക്കാലയളവില്‍ സെന്‍സെക്‌സിന്റെ നേട്ടം 31 ശതമാനമാണ്.
കല്‍ക്കരി ദൗര്‍ലഭ്യം മൂലം വൈദ്യുതി രംഗത്ത് ഉണ്ടായ പ്രതിസന്ധിയും രാജ്യത്തെ ഊര്‍ജ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്‌കരണങ്ങളുമാണ് ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിക്കാനുണ്ടായ കാരണം. ഹ്രസ്വകാല ഊര്‍ജ ആവശ്യങ്ങള്‍ക്കായി വൈദ്യുതി ഉല്‍പ്പാദകരും വിതരണക്കാരും കമ്പനികളും ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇത് കമ്പനിയുടെ വരുമാനവും ലാഭവും ഉയര്‍ത്തുന്ന ഘടകമാണ്.
100 ശതമാനം വൈദ്യുതിയും ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് വഴി സമാഹരിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇത് കമ്പനിയുടെ വരുമാനം ഉയര്‍ത്താന്‍ സഹായകമാകും.