ഐഇഎക്‌സ് 19 ശതമാനം ഉയര്‍ന്നത് എന്തുകൊണ്ട്?
കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചിന്റെ ഓഹരി വില 64 ശതമാനമാണ് ഉയര്‍ന്നത്.
ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചി (ഐഇഎക്‌സ്)ന്റെ ഓഹരി വില ഇന്ന് വ്യാപാരത്തിനിടെ 19 ശതമാനം ഉയര്‍ന്നു. 956.15 എന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തുകയും ചെയ്‌തു.
ഒക്‌ടോബര്‍ 21ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ ബോണസ് അനുവദിക്കുന്നതു സംബന്ധിച്ച് പരിഗണിക്കുമെന്ന് കമ്പനി അറിയിച്ചതിനെ തുടര്‍ന്നാണ് ഓഹരി വില കുതിച്ചുയര്‍ന്നത്. ഒക്‌ടോബര്‍ 13ന് രേഖപ്പെടുത്തിയ 819 രൂപ എന്ന ഉയര്‍ന്ന വില മറികടന്നാണ് ഇന്ന് പുതിയ റെക്കോഡ് കുറിച്ചത്.
ഒക്‌ടോബര്‍ 21ന് നടക്കുന്ന ബോര്‍ഡ് യോഗത്തിനു ശേഷം ഐഇഎക്‌സ് ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിടും.
രാജ്യവ്യാപകമായി വൈദ്യുതി വ്യാപാരത്തിനുള്ള പ്ലാറ്റ്‌ഫോമാണ് ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച്. ഫലപ്രദമായ വില കണ്ടെത്തുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും വൈദ്യുതി വ്യാപാര രംഗത്തുള്ളവര്‍ക്ക് ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് വഴിയൊരുക്കുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചിന്റെ ഓഹരി വില 64 ശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞ മൂന്ന് മാസ കാലയളവില്‍ 124 ശതമാനം നേട്ടമാണ് ഈ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്.
കല്‍ക്കരി ദൗര്‍ലഭ്യം മൂലം വൈദ്യുതി രംഗത്ത് നിലനില്‍ക്കുന്ന പ്രതിസന്ധിയും രാജ്യത്തെ ഊര്‍ജ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്‌കരണങ്ങളുമാണ് ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിക്കാനുണ്ടായ കാരണം. ഹ്രസ്വകാല ഊര്‍ജ ആവശ്യങ്ങള്‍ക്കായി വൈദ്യുതി ഉല്‍പ്പാദകരും വിതരണക്കാരും കമ്പനികളും ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്.