ഇന്ന് മുതല്‍ 100 ഓഹരികളില്‍ ടി പ്ലസ് വണ്‍ വ്യാപാര രീതി
ആദ്യഘട്ടമെന്ന നിലയില്‍ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ 100 കമ്പനികളുടെ ഓഹരികള്‍ വ്യാപാരം ചെയ്യുമ്പോഴാണ് പുതിയ രീതി നടപ്പിലാക്കുന്നത്.
ഓഹരികള്‍ ഇടപാട് നടത്തി ഒരു ദിവസത്തിനകം ഡീമാറ്റ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്ന `ട്രേഡ് പ്ലസ് വണ്‍' (ടി പ്ലസ് വണ്‍) രീതിയിലേക്ക് ഇന്ന് മുതല്‍ മാറുന്നു.
ആദ്യഘട്ടമെന്ന നിലയില്‍ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ 100 കമ്പനികളുടെ ഓഹരികള്‍ വ്യാപാരം ചെയ്യുമ്പോഴാണ് പുതിയ രീതി നടപ്പിലാക്കുന്നത്. ക്രമേണ ഓരോ മാസത്തെയും അവസാനത്തെ വെള്ളിയാഴ്‌ചകളില്‍ 500 ഓഹരികള്‍ വീതം ഈ രീതിയിലേക്ക് മാറ്റികൊണ്ടിരിക്കും. അങ്ങനെ എല്ലാ ഓഹരികളും ടി പ്ലസ് വണ്‍ രീതിയിലേക്ക് മാറ്റും.
നിലവില്‍ ടി പ്ലസ് ടു രീതിയാണുള്ളത്. നിലവിലെ രീതി പ്രകാരം ഇടപാട് നടത്തി രണ്ട് ദിവസത്തിനകമാണ് ഓഹരികള്‍ ഡീമാറ്റ് അക്കൗണ്ടിലെത്തുന്നത്. അതുപോലെ ഓഹരികള്‍ വിറ്റാല്‍ പണം ലഭിക്കുന്നതും രണ്ട് ദിവസത്തിനകമാണ്.
ഒരു ദിവസത്തിനുള്ളില്‍ ഇടപാട് പൂര്‍ത്തീകരിക്കുന്ന രീതിയിലേക്ക് മാറികഴിഞ്ഞാല്‍ ആറ് മാസമെങ്കിലും എക്‌സ്‌ചേഞ്ചുകള്‍ അത് തുടര്‍ന്നിരിക്കണം.
ഭൂരിഭാഗം ആഗോള വിപണികളിലും രണ്ട് ദിവസത്തിനുള്ളില്‍ ഇടപാട് പൂര്‍ത്തീകരിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇന്ത്യ ഈ രീതി ആരംഭിച്ചത് 2003ലാണ്. അതിന് മുമ്പ് മൂന്ന് ദിവസത്തിനുള്ളിലാണ് ഇടപാട് പൂര്‍ത്തീകരിച്ചിരുന്നത്.
ടി പ്ലസ് വണ്‍ രീതി നടപ്പിലാക്കുന്നത് വിപണിയിലെ ധനലഭ്യത വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നത്. ഓഹരികള്‍ വിറ്റതിനു ശേഷം ഒരു ദിവസത്തിനകം പണം ലഭിക്കുമെന്നതിനാല്‍ വ്യാപാരവ്യാപ്‌തം വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
റീട്ടെയില്‍ നിക്ഷേപകരും ബ്രോക്കര്‍മാരും ഒരു ദിവസത്തിനുള്ളില്‍ ഇടപാട് പൂര്‍ത്തീകരിക്കുന്ന രീതിയെ പിന്തുണക്കുമ്പോള്‍ സമയ മേഖലകളിലെ വ്യത്യാസവും പ്രവര്‍ത്തന ചെലവിലെ വര്‍ധനയും കണക്കിലെടുത്ത് വിദേശ നിക്ഷേപകര്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.
നിലവില്‍ സിങ്കപ്പൂര്‍, ഹോങ്കോംഗ്, ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ മിക്ക രാജ്യങ്ങളിലും ടി പ്ലസ് ടു രീതിയാണുള്ളത്. ചൈന മാത്രമാണ് പൂര്‍ണമായും ടി പ്ലസ് വണ്‍ രീതി നടപ്പിലാക്കിയിട്ടുള്ളത്. യുഎസ് അടുത്ത മാസങ്ങളില്‍ ടി പ്ലസ് വണ്‍ രീതിയിലേക്ക് മാറാനിരിക്കുകയാണ്.