ടിടിഎംഎല്ലിന്റെ 9.5% ഓഹരി സര്‍ക്കാരിന്; ഓഹരി ലോവര്‍സര്‍ക്യൂട്ടില്‍
കടബാധ്യത ഓഹരികളാക്കി മാറ്റാനുള്ള തീരുമാനത്തെ തുടര്‍ന്ന് ടിടിഎംഎല്‍ ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞ് ലോവര്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്തി.
വൊഡാഫോണ്‍ ഐഡിയക്ക് പിന്നാലെ മറ്റൊരു ടെലികോം കമ്പനിയായ ടാറ്റാ ടെലിസര്‍വീസസും എജിആര്‍ (അഡ്‌ജസ്റ്റഡ് ഗ്രോസ് റവന്യൂ) കുടിശികയുടെ പലിശ ഓഹരികളാക്കി മാറ്റി സര്‍ക്കാരിന് കൈമാറും. ടാറ്റാ ടെലിസര്‍വീസസിന്റെ സബ്‌സിഡറിയായ ടാറ്റാ ടെലിസര്‍വീസസ് മഹാരാഷ്‌ട്രയില്‍ കേന്ദ്രസര്‍ക്കാരിന് 9.5 ശതമാനം ഓഹരി പങ്കാളിത്തം കൈവരും. ടാറ്റാ ടെലിസര്‍വീസസിന്റെയും ഓഹരികള്‍ സര്‍ക്കാരിന് ലഭിക്കും.
കടബാധ്യത ഓഹരികളാക്കി മാറ്റാനുള്ള തീരുമാനത്തെ തുടര്‍ന്ന് ടാറ്റാ ടെലിസര്‍വീസസ് മഹാരാഷ്‌ട്ര (ടിടിഎംഎല്‍)യുടെ ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞ് ലോവര്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്തി. അഞ്ച് ശതമാനമാണ് ഈ ഓഹരിയില്‍ ഒരു ദിവസം അനുവദനീയമായ പരമാവധി വ്യതിയാനം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 3000 ശതമാനത്തിലേറെയാണ് ടിടിഎംഎല്‍ ഓഹരി വില ഉയര്‍ന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം 561 ശതമാനമാണ് ഓഹരി വിലയിലുണ്ടായ കുതിപ്പ്.
എജിആര്‍ കുടിശികയുടെ പലിശയായി 850 കോടി രൂപയാണ് ടാറ്റാ ടെലിസര്‍വീസസ് മഹാരാഷ്‌ട്ര സര്‍ക്കാരിന് നല്‍കാനുള്ളത്. ഒരു ഓഹരിക്ക് 41.5 രൂപ അടിസ്ഥാന വിലയായി കണക്കാക്കിയാണ് ഓഹരികള്‍ കൈമാറുക.
ടാറ്റാ ടെലിസര്‍വീസസില്‍ ടാറ്റാ സണ്‍സിന് 95.17 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌തിരിക്കുന്ന ടാറ്റാ ടെലിസര്‍വീസസ് മഹാരാഷ്‌ട്രയില്‍ ടാറ്റാ സണ്‍സിന് 75 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
ടാറ്റാ ടെലിസര്‍വീസസിന്റെ എജിആര്‍ കുടിശിക 16,798 കോടി രൂപയാണ്. ഇതില്‍ 4197 കോടി രൂപ കമ്പനി ഇതിനകം അടച്ചിട്ടുണ്ട്. ബാക്കിയുള്ള തുക നല്‍കാന്‍ നാല് വര്‍ഷത്തെ മൊറട്ടോറിയം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.