വിദേശ നിക്ഷേപകര്‍ ഐടി ഓഹരികളില്‍ നിന്ന് പിന്‍വലിച്ചത് 72,000 കോടി
10.45 ശതമാനം നിക്ഷേപമാണ് ഐടി ഓഹരികളില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ നടത്തിയിരിക്കുന്നത്. ഇത് 2021 ഡിസംബര്‍ 31ന് 15.43 ശതമാനം ആയിരുന്നു.
വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ 2022ല്‍ വിറ്റത് 72,000 കോടി രൂപയുടെ ഐടി ഓഹരികള്‍. അതേ സമയം മെറ്റല്‍, മൈനിംഗ്, കണ്‍സ്‌ട്രക്ഷന്‍, ഓയില്‍ & ഗ്യാസ് എന്നീ മേഖലകളിലെ ഓഹരികള്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ വാങ്ങുകയും ചെയ്‌തു.
ഐടി ഓഹരികളിലെ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരുടെ പങ്കാളിത്തവും ഗണ്യമായി കുറഞ്ഞു. 10.45 ശതമാനം നിക്ഷേപമാണ് ഐടി ഓഹരികളില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ നടത്തിയിരിക്കുന്നത്. ഇത് 2021 ഡിസംബര്‍ 31ന് 15.43 ശതമാനം ആയിരുന്നു.
യുഎസിലെ സാമ്പത്തിക മാന്ദ്യഭീതിയും കമ്പനികളുടെ സാങ്കേതിക വിദ്യക്കു വേണ്ടിയുള്ള ചെലവ് കുറയുമെന്ന ആശങ്കയുമാണ് ഐടി ഓഹരികളില്‍ നിന്ന് ഗണ്യമായി നിക്ഷേപം പിന്‍വലിക്കപ്പെട്ടതിന് കാരണം. 2022ല്‍ നിഫ്‌റ്റി ഐടി സൂചിക 25 ശതമാനമാണ് ഇടിഞ്ഞത്.
പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ത്രൈമാസ പ്രവര്‍ത്തന ഫലങ്ങള്‍ക്കു പുറമെ യുഎസില്‍ പലിശ നിരക്ക് ഉയരുന്ന സാഹചര്യവും ഐടി ഓഹരികള്‍ക്ക് ദോഷകരമായി. യുഎസിലെ ഐടി കമ്പനികളുടെ ഓഹരികളിലുണ്ടായ ഇടിവും ഇന്ത്യന്‍ ഐടി മേഖലയെ പ്രതികൂലമായി ബാധിച്ചു.
ഐടി കമ്പനികളുടെ സമീപകാല ബിസിനസിനെ സംബന്ധിച്ച ചിത്രം ഇപ്പോഴും മികച്ചതല്ല. യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെങ്കില്‍ അവിടുത്തെ കമ്പനികള്‍ ഐടി ചെലവുകള്‍ വെട്ടിക്കുറയ്‌ക്കുകയും അത് ഇന്ത്യയിലെ ഐടി മേഖലയുടെ ബിസിനസിനെ ബാധിക്കുകയും ചെയ്യും.