വിദേശ നിക്ഷേപകര്‍ വിറ്റത് പേടിഎമ്മിന്റെ മൂന്ന് കോടി ഓഹരികള്‍
39 വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പേടിഎമ്മിന്റെ ഓഹരികള്‍ പൂര്‍ണമായും വിറ്റൊഴിയുകയോ ഓഹരി പങ്കാളിത്തം ഒരു ശതമാനത്തില്‍ താഴെയായി കുറയ്‌ക്കുകയോ ചെയ്‌തു.
ധനകാര്യ സേവനങ്ങള്‍ക്കുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആയ പേടിഎമ്മിന്റെ ഐപിഒ വിപണിയിലെത്തി ഒരു വര്‍ഷം തികയും മുമ്പ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത് കനത്ത വില്‍പ്പന. കഴിഞ്ഞ വര്‍ഷം നവംബര്‍ 17ന് ലിസ്റ്റ് ചെയ്‌തതിനു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പേടിഎമ്മിന്റെ 2.97 കോടി ഓഹരികളാണ് വിറ്റഴിച്ചത്. ഇത് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കൈവശം വെക്കുന്ന പേടിഎമ്മിന്റെ മൊത്തം ഓഹരികളുടെ 44 ശതമാനം വരും.
കഴിഞ്ഞ വര്‍ഷം നവംബര്‍ 17ന് ലിസ്റ്റ് ചെയ്യുമ്പോള്‍ 127 വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പേടിഎമ്മിന്റെ 6.71 കോടി ഓഹരികളാണ് കൈവശം വെച്ചിരുന്നത്. ഈ വര്‍ഷം സെപ്‌റ്റംബര്‍ 31ന് ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കൈവശം വെക്കുന്നത് പേടിഎമ്മിന്റെ 3.74 കോടി ഓഹരികള്‍ മാത്രമാണ്.
പേടിഎമ്മില്‍ നിക്ഷേപം നടത്തിയിരിക്കുന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ എണ്ണം 88 ആയി കുറയുകയും ചെയ്‌തു. അതായത് 39 വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പേടിഎമ്മിന്റെ ഓഹരികള്‍ പൂര്‍ണമായും വിറ്റൊഴിയുകയോ ഓഹരി പങ്കാളിത്തം ഒരു ശതമാനത്തില്‍ താഴെയായി കുറയ്‌ക്കുകയോ ചെയ്‌തു.
അതേ സമയം രണ്ട് ലക്ഷം രൂപയില്‍ താഴെ മാത്രം നിക്ഷേപം നടത്തിയിരിക്കുന്ന ചെറുകിട നിക്ഷേപകര്‍ പേടിഎമ്മിന്റെ കൂടുതല്‍ ഓഹരികള്‍ വാങ്ങി. ലിസ്റ്റ് ചെയ്യുന്ന സമയത്ത് 2.79 ശതമാനമായിരുന്ന ചെറുകിട നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം സെപ്‌റ്റംബര്‍ 31ന് 6.37 ശതമാനമായി ഉയര്‍ന്നു.
മ്യൂച്വല്‍ ഫണ്ടുകളും പേടിഎമ്മിന്റെ കൂടുതല്‍ ഓഹരികള്‍ വാങ്ങുകയാണ് ചെയ്‌തത്. മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം 0.87 ശതമാനത്തില്‍ നിന്നും 1.26 ശതമാനമായി ഉയര്‍ന്നു.
2150 രൂപയ്‌ക്കാണ് പേടിഎമ്മിന്റെ ഓഹരികള്‍ ഇഷ്യു ചെയ്‌തിരുന്നത്. ഇഷ്യു വിലയില്‍ നിന്നും 70 ശതമാനം താഴെയായാണ് ഈ ഓഹരി ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്.
ഐപിഒക്ക് മുമ്പ് ഓഹരികള്‍ വാങ്ങിയവവര്‍ക്കുള്ള ഒരു വര്‍ഷത്തെ നിര്‍ബന്ധിത നിക്ഷേപം കാലയളവ് നവംബര്‍ മധ്യത്തോടെ അവസാനിക്കുകയാണ്.