വിദേശ ബ്രോക്കറേജുകള്‍ ടാറ്റാ മോട്ടോഴ്‌സില്‍ പ്രതീക്ഷിക്കുന്ന വില
വൈദ്യുത വാഹന വിപണിയിലെ വളര്‍ച്ചാ സാധ്യതകള്‍ കണക്കിലെടുത്ത് വിദേശ ബ്രോക്കറേജുകള്‍ ടാറ്റാ മോട്ടോഴ്‌സിനെ അപ്‌ഗ്രേഡ് ചെയ്‌തു.
ടാറ്റ മോട്ടോഴ്‌സിന്റെ വൈദ്യുത വാഹന ബിസിനസ് പ്രത്യേക കമ്പനിയാക്കി മാറ്റുന്നതും ഇതിലേക്ക് 7500 കോടി രൂപയുടെ നിക്ഷേപം ലഭിക്കുന്നതും ഈ ഓഹരിയില്‍ ശക്തമായ മുന്നേറ്റ പ്രവണതയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. പുതിയ പ്രഖ്യാപനം വിദേശ ബ്രോക്കറേജുകള്‍ ലക്ഷ്യമാക്കുന്ന ഓഹരി വില ഗണ്യമായി ഉയര്‍ത്തുന്നതിന് വഴിവെച്ചു.
565 രൂപ വരെയാണ് ടാറ്റാ മോട്ടോഴ്‌സില്‍ വിദേശ ബ്രോക്കറേജുകള്‍ പുനര്‍നിര്‍ണയിച്ച `ടാര്‍ജറ്റ്'. ടിപിജിയുടെ 100 കോടി ഡോളര്‍ നിക്ഷേപം ടാറ്റയുടെ വൈദ്യുത വാഹന ബിസിനസിന്റെ മൂല്യം 670 കോടി ഡോളര്‍ മുതല്‍ 910 കോടി ഡോളര്‍ വരെയായി ഉയര്‍ത്തുമെന്ന് ആഗോള ബ്രോക്കറേജ് ആയ ജെഫറീസ് ചൂണ്ടികാട്ടുന്നു. ജെഫറീസ് 565 രൂപയായി `ടാര്‍ജറ്റ്' ഉയര്‍ത്തി.
ഇന്ത്യയിലെ വൈദ്യുത വാഹന ബിസിനസ് ശൈശവദശയിലാണ്. നിലവില്‍ മൊത്തം വാഹന വില്‍പ്പനയുടെ 0.4 ശതമാനം മാത്രമാണ് വൈദ്യുത വാഹന വില്‍പ്പന. വൈദ്യുത വാഹന ബിസിനസിന്റെ 71 ശതമാനവും കൈയാളുന്നത് ടാറ്റാ മോട്ടോഴ്‌സാണ്. ഈ മേഖലയില്‍ ഉണ്ടാകാനിടയുള്ള വളര്‍ച്ച കമ്പനിയുടെ ബിസിനസ് വിപുലമാകാന്‍ വഴിയൊരുക്കും.
ടാറ്റാ മോട്ടോഴ്‌സ് ഇവി കമ്പനി അടുത്ത അഞ്ച് വര്‍ഷത്തിനകം 16,000 കോടി രൂപയാണ് ഉല്‍പ്പന്ന വിപുലീകരണത്തിനായി നിക്ഷേപിക്കുന്നത്.
കഴിഞ്ഞയാഴ്‌ച ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി ടാറ്റാ മോട്ടോഴ്‌സിനെ അപ്‌ഗ്രേഡ് ചെയ്‌തിരുന്നു. ഓഹരിയുടെ ലക്ഷ്യമാക്കുന്ന വില 298 രൂപയില്‍ നിന്നും 448 രൂപയായാണ് ഉയര്‍ത്തിയത്. ഈ വില ഇന്ന് മറികടക്കുകയും 500 രൂപക്ക് മുകളിലേക്ക് ഉയരുകയും ചെയ്‌തു.
ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ ലക്ഷ്യമാക്കുന്ന ഓഹരി വില 547 രൂപയായി ഉയര്‍ത്തി. എച്ച്‌എസ്‌ബിസി ലക്ഷ്യമാക്കുന്ന വില 340 രൂപയില്‍ നിന്നും 550 രൂപയായാണ് ഉയര്‍ത്തിയത്. വൈദ്യുത വാഹന ബിസിനസില്‍ കാര്യമായ മത്സരമില്ലാത്തത് ടാറ്റാ മോട്ടോഴ്‌സിന് ഏറെ ഗുണകരമാകുമെന്ന് എച്ച്‌എസ്‌ബിസി ചൂണ്ടികാട്ടുന്നു.