ഓഹരികള്‍ വാങ്ങാന്‍ ഫ്‌ളിപ്‌കാര്‍ട്ടും ആമസോണും മത്സരിക്കുന്നു
മള്‍ട്ടി ബ്രാന്റ് റീട്ടെയില്‍ കമ്പനികളില്‍ ഓഹരി വിഹിതം നേടിയെടുക്കുന്നതിന് മത്സരിക്കുകയാണ് ഫ്‌ളിപ്‌കാര്‍ട്ടും ആമസോണും. ഈ മേഖലയില്‍ പരമാവധി 49 ശതമാനം വിദേശ നിക്ഷേപമാണ് അനുവദനീയമായിരിക്കുന്നത്.
റിലയന്‍സിനും ടാറ്റക്കും പിന്നാലെ ബിര്‍ളയും മഹാമാരി കാലത്ത് വിദേശ നിക്ഷേപം സ്വീകരിക്കുന്നു. ബിര്‍ളയുടെ റീട്ടെയില്‍ & ലൈഫ് സ്റ്റൈല്‍ കമ്പനിയായ ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയില്‍ ലിമിറ്റഡിന്റെ 7.8 ശതമാനം ഓഹരികള്‍ ഫ്‌ളിപ്‌കാര്‍ട്ട് വാങ്ങുന്നതിനായി ധാരണയിലെത്തി. നിലവില്‍ യുഎസിലെ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലാണ് ഫ്‌ളിപ്‌കാര്‍ട്ട്. 1500 കോടി രൂപ മുടക്കിയാണ് ഫ്‌ളിപ്‌കാര്‍ട്ട് ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയില്‍ ലിമിറ്റഡിന്റെ 7.8 ശതമാനം ഓഹരികള്‍ വാങ്ങുന്നത്.
ഫ്‌ളിപ്‌കാര്‍ട്ട് നടത്തുന്ന 1500 കോടി രൂപയുടെ നിക്ഷേപം ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയില്‍ ലിമിറ്റഡിന്റെ കടബാധ്യത കുറയ്‌ക്കാനും വസ്‌ത്രവ്യാപാര രംഗത്തെ പുതിയ വിഭാഗങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാനും സഹായകമാകും. ഓഹരിക്ക് 205 രൂപ നിരക്കിലാണ് ഇടപാട് നടത്തുന്നത്.
ഓണ്‍ലൈന്‍ വിപണന രംഗത്ത് ഫാഷന്‍ വിഭാഗത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുള്ള കമ്പനിയാണ് ഫ്‌ളിപ്‌കാര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയില്‍ പ്‌ളാറ്റ്‌ഫോമായ മിന്ത്രയുടെ ഉടമസ്ഥത ഫ്‌ളിപ്‌കാര്‍ട്ടിനാണ്. ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയിലുമായി സഹകരിക്കുന്നത് മിന്ത്രയുടെ ബിസിനസ് മെച്ചപ്പെടാന്‍ സഹായകമാകും. ആമസോണുമായുള്ള മത്സരത്തില്‍ മുന്‍കൈ നേടാന്‍ ഈ ഇടപാട് ഫ്‌ളിപ്‌കാര്‍ട്ടിന് വഴിയൊരുക്കുകയും ചെയ്യും. ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയില്‍ മേഖലയില്‍ ഫ്‌ളിപ്‌കാര്‍ട്ടും ആമസോണും തമ്മില്‍ കടുത്ത മത്സരമാണ് നിലനില്‍ക്കുന്നത്.
ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയിലുമായുള്ള സഹകരണം മികച്ച ബ്രാന്റുകള്‍ വിപണനത്തിനായി എത്തിക്കാനും സപ്ലൈ ചെയിന്‍ കാര്യക്ഷമമാക്കാനും ഫ്‌ളിപ്‌കാര്‍ട്ടിന് സഹായകമാകും. ഓണ്‍ലൈന്‍ മേഖലയിലെ ബിസിനസ് മെച്ചപ്പെട്ടില്ലെങ്കില്‍ പോലും ഷോപ്പുകള്‍ വഴി നേരിട്ടുള്ള ബിസിനസ് മെച്ചപ്പെടുത്താന്‍ അവസരമൊരുങ്ങും.
റീട്ടെയില്‍ മേഖലയിലാണ് വിപുലമായ നിക്ഷേപമാണ് ഫ്‌ളിപ്‌കാര്‍ട്ട് നടത്തുന്നത്. കഴിഞ്ഞ ജൂലൈയില്‍ അര്‍വിന്ദ് യൂത്ത് ബ്രാന്റ്‌സിന്റെ ഓഹരി വിഹിതം 260 കോടി രൂപയുടെ ഇടപാടിലൂടെ ഫ്‌ളിപ്‌കാര്‍ട്ട് സ്വന്തമാക്കിയിരുന്നു.
ഓഫ്‌ലൈന്‍ മള്‍ട്ടി ബ്രാന്റ് റീട്ടെയില്‍ കമ്പനികളില്‍ ഓഹരി വിഹിതം നേടിയെടുക്കുന്നതിന് മത്സരിക്കുകയാണ് ഫ്‌ളിപ്‌കാര്‍ട്ടും ആമസോണും. ഈ മേഖലയില്‍ പരമാവധി 49 ശതമാനം വിദേശ നിക്ഷേപമാണ് അനുവദനീയമായിരിക്കുന്നത്. 2018ല്‍ ആദിത്യ ബിര്‍ ള ഗ്രൂപ്പിന്റെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ആയ മോറിനെ ആമസോണും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സമാര കാപ്പിറ്റലും ചേര്‍ന്ന് ഏറ്റെടുത്തിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ശൃംഖലകള്‍ ആയ ഷോപ്പോഴ്‌സ് സ്റ്റോപ്പിലും ഫ്യൂച്ചര്‍ കൂപ്പണ്‍സിലും ആമസോണ്‍ ഓഹരി വിഹിതം സ്വന്തമാക്കിയിട്ടുണ്ട്. 2019ല്‍ ഫ്യൂച്ചര്‍ കൂപ്പണ്‍സില്‍ 1500 കോടി രൂപ മുതല്‍മുടക്കിയാണ് ആമസോണ്‍ 49 ശതമാനം ഓഹരികള്‍ വാങ്ങിയത്.
റീട്ടെയില്‍ കമ്പനികളെ സംബന്ധിച്ചാണെങ്കില്‍ അവക്ക് നിക്ഷേപം ഏറെ ആവശ്യമുള്ള സമയമാണ് ഇത്. അതുകൊണ്ടുതന്നെ ഇത്തരം ഇടപാടുകള്‍ അവക്ക് വലിയ താങ്ങാണ്. ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയില്‍ ഓഹരി വില്‍പ്പന നടത്തിയത് സാമ്പത്തിക ആവശ്യം മുന്‍നിര്‍ത്തിയാണെന്ന് നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു.