ഈ മാസം അഞ്ച് ഹെല്‍ത്ത്‌കെയര്‍ കമ്പനികളുടെ ഐപിഒകള്‍
എംക്യൂര്‍ ഫാര്‍മ, വിജയ ഡയഗ്നോസ്റ്റിക്‌സ്, ക്രിസാന ഡയഗ്നോസ്റ്റിക്‌സ്, സുപ്രിയ ലൈഫ് സയന്‍സസ്, വിന്‍ഡ്‌ലാസ് ബയോടെക് എന്നിവയാണ് ഈ മാസം പബ്ലിക് ഇഷ്യുവുമായി എത്തുന്നത്.
ഫാര്‍മ-ഹെല്‍ത്ത്‌കെയര്‍ ഓഹരികളില്‍ നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിക്കുന്നത് ഈ മേഖലയിലെ കൂടുതല്‍ കമ്പനികള്‍ ഐപിഒകളുമായി എത്തുന്നതിന് വഴിയൊരുക്കുന്നു. ഫാര്‍മ-ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ അഞ്ച് കമ്പനികള്‍ ഈ മാസം ഐപിഒകള്‍ വഴി 8000 കോടി രൂപയാണ് സമാഹരിക്കാനൊരുങ്ങുന്നത്.
എംക്യൂര്‍ ഫാര്‍മ, വിജയ ഡയഗ്നോസ്റ്റിക്‌സ്, ക്രിസാന ഡയഗ്നോസ്റ്റിക്‌സ്, സുപ്രിയ ലൈഫ് സയന്‍സസ്, വിന്‍ഡ്‌ലാസ് ബയോടെക് എന്നിവയാണ് ഈ മാസം പബ്ലിക് ഇഷ്യുവുമായി എത്തുന്നത്. വിന്‍ഡ്‌ലാസ് ബയോടെക്, ക്രിസാന ഡയഗ്നോസ്റ്റിക്‌സ് എന്നീ കമ്പനികളുടെ ഐപിഒകള്‍ ഈയാഴ്‌ച നടക്കും. ഓഗസ്റ്റ് നാല് മുതല്‍ ആറ് വരെയാണ് ഐപിഒക്ക് അപേക്ഷിക്കാവുന്നത്.
എംക്യൂര്‍ ഫാര്‍മ 4000 കോടി രൂപയും വിജയ ഡയഗ്നോസ്റ്റിക്‌സ് 1500 കോടി രൂപയും ക്രിസാന ഡയഗ്നോസ്റ്റിക്‌സ് 1200 കോടി രൂപയും സുപ്രിയ ലൈഫ് സയന്‍സസ് 1200 കോടി രൂപയും വിന്‍ഡ്‌ലാസ് ബയോടെക് 400 കോടി രൂപയുമാണ് ഓഹരി വില്‍പ്പന വഴി സമാഹരിക്കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം ആദ്യത്തെ നാല് മാസങ്ങളിലായി 12 കമ്പനികളാണ് ഐപിഒ നടത്തിയത്. 27,000 കോടി രൂപയാണ് ഈ കമ്പനികള്‍ ഐപിഒ വഴി സമാഹരിച്ചത്. അതേ സമയം 2020-21ല്‍ 30 ഐപിഒകള്‍ 31,777 കോടി രൂപയാണ് സമാഹരിച്ചിരുന്നത്.
2019-20ല്‍ 13 കമ്പനികളാണ് ഐപിഒ നടത്തിയിരുന്നത്. 20,352 കോടി രൂപയായിരുന്നു ഈ കമ്പനികള്‍ സമാഹരിച്ചത്. 2018-19ല്‍ 14 കമ്പനികള്‍ 14,719 കോടി രൂപയും 2017-18ല്‍ 45 കമ്പനികള്‍ 82,109 കോടി രൂപയുമാണ് ഓഹരി വില്‍പ്പന വഴി നേടിയത്.
നടപ്പു സാമ്പത്തിക വര്‍ഷം നാല്‍പ്പതോളം കമ്പനികള്‍ പബ്ലിക് ഇഷ്യു നടത്താനൊരുങ്ങുകയാണ്. ഈ കമ്പനികള്‍ 70,000 കോടി രൂപയാണ് ഓഹരി വില്‍പ്പന വഴി സമാഹരിക്കാനൊരുങ്ങുന്നത്. പേടിഎം, മൊബിക്വിക്, പോളിസി ബസാര്‍, കാര്‍ ട്രേഡ് തുടങ്ങിയ ഇന്റര്‍നെറ്റ് അധിഷ്‌ഠിത ബിസിനസ് ചെയ്യുന്ന കമ്പനികളുടെ ഐപിഒകളും ഇതില്‍ പെടും.