ബിഗ് ബുള്ളിന്റെ പ്രിയ ഓഹരിക്ക് എക്കാലത്തെയും ഉയര്‍ന്ന വില
ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുബോട്ട കോര്‍പ്പറേഷന് 96.64 ലക്ഷം ഓഹരികള്‍ വിറ്റതുവഴി 1872.74 കോടി രൂപ സമാഹരിച്ചതായി കമ്പനി ബിഎസ്‌ഇയെ അറിയിച്ചു.
ബിഗ് ബുള്‍ രാകേഷ് ജുന്‍ജുന്‍വാലയ്‌ക്ക് 4.75 ശതമാനം ഓഹരി പങ്കാളിത്തമുള്ള എസ്‌കോര്‍ട്‌സിന്റെ ഓഹരി വില ഇന്ന് എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. വിപണി ഇന്ന് നേരിട്ട കടുത്ത ചാഞ്ചാട്ടത്തിനിടയിലും വേറിട്ട പ്രകടനമാണ് ഈ ഓഹരി കാഴ്‌ച വെച്ചത്.
ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുബോട്ട കോര്‍പ്പറേഷന് 96.64 ലക്ഷം ഓഹരികള്‍ വിറ്റതുവഴി 1872.74 കോടി രൂപ എസ്‌കോര്‍ട്‌സ് സമാഹരിച്ചതായി കമ്പനി ബിഎസ്‌ഇയെ അറിയിച്ചു. ഈ വാര്‍ത്തയാണ് ഓഹരി ഇന്ന് എട്ട് ശതമാനത്തിലേറെ ഉയരുന്നതിന് വഴിവെച്ചത്.
ഇന്ന് 1793 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വില എസ്‌കോര്‍ട്‌സ് രേഖപ്പെടുത്തി. 2000 രൂപയ്‌ക്കാണ് കുബോട്ട കോര്‍പ്പറേഷന്‍ ഓഹരികള്‍ വാങ്ങിയത്.
നവംബര്‍ 21 മുതല്‍ ട്രാക്‌ടറുകളുടെ വില വര്‍ധന പ്രാബല്യത്തില്‍ വരുമെന്നും എസ്‌കോര്‍ട്‌സ് അറിയിച്ചു. ഇതും ഓഹരി വിലയിലെ കുതിപ്പിന് വഴിവെച്ചു.