മിഡ്-സ്‌മോള്‍കാപ് ബാങ്ക് ഓഹരികളില്‍ മുന്നേറ്റം
ആര്‍ബിഎല്‍ ബാങ്ക്, ഡിസിബി ബാങ്ക്, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ 3-10 ശതമാനം ഉയര്‍ന്നു.
ബാങ്കിംഗ് മേഖലയിലെ ചില ഇടത്തരം-ചെറുകിട ഓഹരികളില്‍ ഇന്ന് ശക്തമായ മുന്നേറ്റം ദൃശ്യമായി. ഫെഡറല്‍ ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക് എന്നീ ഓഹരികള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.
ആര്‍ബിഎല്‍ ബാങ്ക്, ഡിസിബി ബാങ്ക്, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ മൂന്ന് ശതമാനം മുതല്‍ 10 ശതമാനം വരെ ഉയര്‍ന്നു.
ഒന്‍പത് ശതമാനം ഉയര്‍ന്ന കരൂര്‍ വൈശ്യ ബാങ്ക് 69.40 രൂപ എന്ന 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. ഫെഡറല്‍ ബാങ്ക് 116.10 രൂപ വരെ ഉയര്‍ന്നു. ഈ രണ്ട് ബാങ്കിംഗ് ഓഹരികളിലും ഈയിടെ അന്തരിച്ച രാകേഷ് ജുന്‍ജുന്‍വാലയ്‌ക്ക് മൂന്ന് ശതമാനത്തിലേറെ ഓഹരി ഉടമസ്ഥതയുണ്ട്.
നിഫ്‌റ്റി പി എസ് യു ബാങ്ക് സൂചിക 2.3 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്. യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂകോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്ക് ഓഹരികള്‍ രണ്ട് ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ മുന്നേറി.
ഐഡിബിഐ ബാങ്ക് ഓഹരി 10 ശതമാനം ഉയര്‍ന്നു. ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ വില്‍പ്പന നടത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന റിപ്പോര്‍ട്ടാണ് ഈ ഓഹരിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.