എസ്‌ബിഐ 'ബുള്ളിഷ്' എന്ന് 98 ശതമാനം അനലിസ്റ്റുകള്‍
2004 ജൂണിനു ശേഷം ആദ്യമായാണ് 98 ശതമാനം അനലിസ്റ്റുകളും ഈ ഓഹരിയില്‍ `ബുള്ളിഷ്' ആയിരിക്കുന്നത്. 509 രൂപയാണ് അനലിസ്റ്റുകള്‍ നല്‍കിയിരിക്കുന്ന പ്രതീക്ഷിത വിലയുടെ ശരാശരി.
രണ്ട് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് അനലിസ്റ്റുകള്‍ ഒരേ സ്വരത്തില്‍ എസ്‌ബിഐയുടെ ഓഹരി `ബുള്ളിഷ്' ആണെന്ന് പ്രഖ്യാപിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗം സൃഷ്‌ടിച്ച ആഘാതങ്ങളെ മറികടന്ന് എസ്‌ബിഐക്ക് ആസ്‌തി മേന്മ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന കാര്യത്തില്‍ ഒരേ സ്വരമാണ് അനലിസ്റ്റുകള്‍ക്കുള്ളത്.
48 അനലിസ്റ്റുകളില്‍ 47 പേരും എസ്‌ബിഐ വാങ്ങുക എന്ന ശുപാര്‍ശയാണ് നല്‍കുന്നത്. ഒരു അനലിസ്റ്റ് മാത്രം കൈവശം വെക്കുക എന്ന ശുപാര്‍ശ നല്‍കുന്നു. 2004 ജൂണിനു ശേഷം ആദ്യമായാണ് 98 ശതമാനം അനലിസ്റ്റുകളും ഈ ഓഹരിയില്‍ `ബുള്ളിഷ്' ആയിരിക്കുന്നത്. 509 രൂപയാണ് അനലിസ്റ്റുകള്‍ നല്‍കിയിരിക്കുന്ന പ്രതീക്ഷിത വിലയുടെ ശരാശരി. 430 രൂപയിലാണ് ഈ ഓഹരി ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്.
കോവിഡിന്റെ രണ്ടാം വരവ് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും നീക്കിയിരിപ്പും കിട്ടാക്കടം ബാലന്‍സ്‌ഷീറ്റില്‍ പ്രകടമാകാത്ത രീതിയില്‍ ബാഡ്‌ബാങ്കിനെ ഏല്‍പ്പിക്കാനുള്ള മാര്‍ഗവും എസ്‌ബിഐക്ക് ഗുണകരമാകുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. കോവിഡിനെ മറികടന്ന് സമ്പദ്‌വ്യവസ്ഥ കരകയറ്റം നടത്തുന്നതിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്കു മേല്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിപണിയില്‍ ഈ വിലയിരുത്തല്‍ എസ്‌ബിഐയുടെ ഓഹരി മുന്നേറുന്നതിന് വഴിവെക്കുമെന്ന് അവര്‍ വിലയിരുത്തുന്നു.
നാലാം ത്രൈമാസത്തില്‍ എസ്‌ബിഐ എക്കാലത്തെയും ഉയര്‍ന്ന ലാഭമാണ് രേഖപ്പെടുത്തിയിരുന്നത്. ആസ്‌തിമേന്മ 13 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.
കഴിഞ്ഞ ഒരു മാസത്തിനിടെ 19 ശതമാനമാണ് ഈ ഓഹരിയിലുണ്ടായ മുന്നേറ്റം. അതേ സമയം നിഫ്‌റ്റി ഇക്കാലയളവില്‍ 6 ശതമാനമാണ് ഉയര്‍ന്നത്.