എസ്&പി 500നേക്കാള്‍ മികച്ച പ്രകടനം നിഫ്‌റ്റിയുടേത്
14,883 പോയിന്റിന് താഴേക്ക് നിഫ്‌റ്റി ഇടിയുകയാണെങ്കില്‍ ബെയര്‍ മാര്‍ക്കറ്റ് സ്ഥിരീകരിക്കപ്പെടും. 15,800ലുള്ള താങ്ങ് ഭേദിക്കപ്പെടുകയാണെങ്കില്‍ 14,500 പോയിന്റിലാണ് അടുത്ത താങ്ങുള്ളത്.
യുഎസ് ഓഹരി സൂചികയായ എസ്&പി 500 എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 21 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്‌റ്റിയിലുണ്ടായ തിരുത്തല്‍ 15 ശതമാനമാണ്. ഉയരുന്ന പണപ്പെരുപ്പം യുഎസ് സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുമോയെന്ന ആശങ്കയാണ് അമേരിക്കന്‍ ഓഹരി വിപണി ശക്തമായ ഇടിവ് നേരിടുന്നതിന് കാരണം.
യുഎസിലെ ടെക്‌നോളജി സൂചികയായ നാസ്‌ഡാക് ഇതിനകം എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും 33 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്. ടെക്‌നോളജി ഓഹരികളില്‍ കനത്ത വില്‍പ്പന സമ്മര്‍ദമാണ് ഈ വര്‍ഷം ദൃശ്യമായത്.
ഒക്‌ടോബര്‍ 19ന് രേഖപ്പെടുത്തിയ 18,604 പോയിന്റില്‍ നിന്നും 15 ശതമാനം ഇടിവാണ് നിഫ്‌റ്റിയിലുണ്ടായത്. പൊതുവെ അടുത്ത കാലത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 20 ശതമാനം ഇടിവുണ്ടാകുമ്പോഴാണ് വിപണി `ബെയര്‍ സോണി'ലേക്ക് കടന്നതായി വിലയിരുത്തപ്പെടുന്നത്. 14,883 പോയിന്റിന് താഴേക്ക് നിഫ്‌റ്റി ഇടിയുകയാണെങ്കില്‍ ബെയര്‍ മാര്‍ക്കറ്റ് സ്ഥിരീകരിക്കപ്പെടും.
യുഎസ് വിപണി തുടര്‍ന്നും ഇടിവ് നേരിടുകയാണെങ്കില്‍ ഇന്ത്യന്‍ വിപണിക്ക് മാത്രമായി ഒരു പ്രതിരോധം സാധ്യമാകില്ല. നിഫ്‌റ്റിയുടെ 15,800ലുള്ള താങ്ങ് ഭേദിക്കപ്പെടുകയാണെങ്കില്‍ 14,500 പോയിന്റിലാണ് അടുത്ത താങ്ങുള്ളത്.