അദാനി വില്‍മാറിന്റെ വിപണിമൂല്യം ഒരു ലക്ഷം കോടി രൂപ മറികടന്നു
ഫെബ്രുവരിയില്‍ ലിസ്റ്റ് ചെയ്‌ത അദാനി വില്‍മാര്‍ ഇഷ്യു വിലയില്‍ നിന്നും 249 ശതമാനമാണ് ഉയര്‍ന്നത്. 230 രൂപയായിരുന്നു ഇഷ്യു വില. ഇന്ന് 803.15 രൂപ എന്ന ഉയര്‍ന്ന വില രേഖപ്പെടുത്തി.
അദാനി വില്‍മാര്‍ ഒരു ലക്ഷം കോടി രൂപക്ക് മുകളില്‍ വിപണിമൂല്യമുള്ള ഏഴാമത്തെ അദാനി ഗ്രൂപ്പ് കമ്പനിയായി. ഇന്നലെ അദാനി പവര്‍ ഈ നേട്ടം കൈവരിച്ചതിനു പിന്നാലെയാണ് അദാനി വില്‍മാറും ഒരു ലക്ഷം കോടി വിപണിമൂല്യം എന്ന നാഴികക്കല്ല് താണ്ടിയത്.
ഫെബ്രുവരിയില്‍ ലിസ്റ്റ് ചെയ്‌ത അദാനി വില്‍മാര്‍ ഇഷ്യു വിലയില്‍ നിന്നും 249 ശതമാനമാണ് ഉയര്‍ന്നത്. 230 രൂപയായിരുന്നു ഇഷ്യു വില. ഇന്ന് അഞ്ച് ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഈ ഓഹരി എന്‍എസ്‌ഇയില്‍ 803.15 രൂപ എന്ന ഉയര്‍ന്ന വില രേഖപ്പെടുത്തി.
അദാനി ഗ്രൂപ്പും സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വില്‍മാര്‍ ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് അദാനി വില്‍മാര്‍. ഫോര്‍ച്യുന ബ്രാന്റിനു കീഴിലായി ഭക്ഷ്യ എണ്ണകളും മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കുന്ന കമ്പനിയാണ് അദാനി വില്‍മാര്‍.
37,195 കോടി രൂപയാണ് കമ്പനിയുടെ വാര്‍ഷിക വരുമാനം. ഭക്ഷ്യ ഉല്‍പ്പന്ന മേഖലയിലെ കമ്പനികള്‍ ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് അദാനി വില്‍മാര്‍.
2018-19ല്‍ 28,919 കോടി രൂപയായിരുന്ന കമ്പനിയുടെ വരുമാനം 2021-22ല്‍ 37,195 കോടി രൂപയായി വളര്‍ന്നു. ഇക്കാലയളവില്‍ ലാഭത്തില്‍ 39.20 ശതമാനം ശരാശരി പ്രതിവര്‍ഷ വളര്‍ച്ച നേടി. 2018-19ല്‍ 375.52 കോടി രൂപയായിരുന്ന കമ്പനിയുടെ ലാഭം 2021-22ല്‍ 727.65 കോടി രൂപയായി വളര്‍ച്ച കൈവരിച്ചു.
2019-20ല്‍ കമ്പനിയുടെ ലാഭം വരുമാനത്തിന്റെ 1.55 ശതമാനമായിരുന്നു. 2021-22ല്‍ 1.96 ശതമാനമായി ഇത് വളര്‍ച്ച പ്രാപിച്ചു. കമ്പനിയുടെ വരുമാനത്തിന്റെ 82 ശതമാനവും ഭക്ഷ്യ എണ്ണയുടെ വില്‍പ്പന വഴിയാണ് ലഭിക്കുന്നത്.