അദാനി ഗ്രൂപ്പ് ഓഹരികളില്‍ വീണ്ടും വില്‍പ്പന സമ്മര്‍ദം
സെബി ഗ്രൂപ്പ് കമ്പനികളുടെ വായ്‌പകള്‍ക്ക് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളില്‍ നിന്ന് ലഭിച്ച റേറ്റിംഗുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് ശക്തമായ ഇടിവ് നേരിട്ടു. ഇന്ന് അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണിമൂല്യത്തില്‍ 40,000 കോടി രൂപയുടെ ചോര്‍ച്ചയാണുണ്ടായത്.
അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ് കമ്പനിയായ അദാനി എന്റര്‍പ്രൈസസ് 9 ശതമാനവും അദാനി പോര്‍ട്‌സ് 4 ശതമാനവും ഇടിവാണ് നേരിട്ടത്. അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്‌മിഷന്‍, അദാനി വില്‍മാര്‍ എന്നീ ഓഹരികള്‍ അഞ്ച് ശതമാനം വീതം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടിലെത്തി.
അംബുജാ സിമന്റ്‌സ് നാലര ശതമാനവും എസിസി മൂന്ന് ശതമാനവുമാണ് തിരുത്തലിന് വിധേയമായത്. എന്‍ഡിടിവി നാലര ശതമാനത്തിലേറെ ഇടിവ് നേരിട്ടു.
ജനുവരി 25ന് അദാനി ഗ്രൂപ്പ് തിരിമറികളും ഓഹരികളില്‍ കൃത്രിമ വിലക്കയറ്റവും നടത്തുന്നുവെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണം പുറത്തുവന്നതിനു ശേഷം അദാനി ഗ്രൂപ്പിന്റെ മൊത്തം വിപണിമൂല്യത്തില്‍ 11.5 ലക്ഷം കോടി രൂപ വരെ നഷ്‌ടം സംഭവിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യം 60 ശതമാനമാണ് ഇടിഞ്ഞത്.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ച സെബി ഗ്രൂപ്പ് കമ്പനികളുടെ വായ്‌പകള്‍ക്ക് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളില്‍ നിന്ന് ലഭിച്ച റേറ്റിംഗുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള എല്ലാ റേറ്റിംഗുകളെയും ഇതില്‍ മാറ്റം വരുത്താനുള്ള സാധ്യതയെയും കുറിച്ചാണ് സെബി റേറ്റിംഗ് ഏജന്‍സികളുടെ അഭിപ്രായം തേടിയത്.