അദാനി ഗ്രൂപ്പ് ഓഹരികളുടെ കൂട്ടതകര്‍ച്ച തുടരുന്നു
അദാനി ഗ്രീന്‍ എനര്‍ജിയും അദാനി ട്രാന്‍സ്‌മിഷനും അദാനി ടോട്ടല്‍ ഗ്യാസും 20 ശതമാനം വീതം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടില്‍ എത്തി.
അദാനി ഗ്രൂപ്പ് ഓഹരികളിലെ കൂട്ടതകര്‍ച്ച ഇന്നും തുടര്‍ന്നു. യുഎസിലെ നിക്ഷേപക ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്നാണ് ഓഹരി വില ഇടിഞ്ഞത്.
ബുധനാഴ്‌ച തുടങ്ങിയ ഇടിവിന്റെ തുടര്‍ച്ചയായി ഇന്നുണ്ടായ വില്‍പ്പന സമ്മര്‍ദം ഏറ്റവും സാരമായി ബാധിച്ചത് അദാനി ടോട്ടല്‍ ഗ്യാസിനെയും അദാനി ഗ്രീന്‍ എനര്‍ജിയെയും അദാനി ട്രാന്‍സ്‌മിഷനെയുമാണ്. ഈ മൂന്ന് ഓഹരികളും ഇന്ന് വ്യാപാരത്തിനിടെ 20 ശതമാനം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടില്‍ എത്തി.
അദാനി പോര്‍ട്‌സും അദാനി എന്റര്‍പ്രൈസസും 17 ശതമാനം വീതം തിരുത്തലിന് വിധേയമായി. അദാനി പോര്‍ട്‌സും അദാനി ഗ്രീന്‍ എനര്‍ജിയും 52 ആഴ്‌ചത്തെ താഴ്‌ന്ന വില രേഖപ്പെടുത്തി.
അദാനി പവറും അദാനി വില്‍മാറും അഞ്ച് ശതമാനം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടില്‍ എത്തി. അദാനി ഗ്രൂപ്പിന് ഭൂരിപക്ഷം ഓഹരി ഉടമസ്ഥതയുള്ള എന്‍ഡിടിവിയും അഞ്ച് ശതമാനം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടിലെത്തി.
അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഷോര്‍ട്ട് പൊസിഷനുകള്‍ ഉണ്ടെന്ന ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബുധനാഴ്‌ചയാണ് ഈ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം തുടങ്ങിയത്. ഓഹരികള്‍ ഇടിയാനുള്ള സാധ്യത മുന്നില്‍ കണ്ട് ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്‌ഷന്‍സില്‍ നേരത്തെ വില്‍പ്പന നടത്തുന്ന വ്യാപാര രീതിയാണ് ഷോര്‍ട്ട് സെല്ലിംഗ്.
വളരെ അമിതമായ മൂല്യത്തില്‍ വ്യാപാരം ചെയ്യുന്ന അദാനി ഗ്രൂപ്പ് ഓഹരികളില്‍ 85 ശതമാനം ഇടിവിന് സാധ്യതയുണ്ടെന്നാണ് ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ നിഗമനം. കോര്‍പ്പറേറ്റ് തട്ടിപ്പുകളും ക്രമക്കേടുകളും നടത്തുന്നത് കണ്ടെത്തി അത് റിപ്പോര്‍ട്ട് ചെയ്യുകയും അത്തരം ഓഹരികളില്‍ ഷോര്‍ട്ട് സെല്‍ പൊസിഷനുകള്‍ എടുക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച്.
അതേ സമയം ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് ആസൂത്രിതവും അടിസ്ഥാനരഹിതവുമാണെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു. അദാനി എന്റര്‍പ്രൈസസിന്റെ എഫ്‌പിഒ തുടങ്ങുന്നതിന് തൊട്ടുമുമ്പായി ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത് ദുരുദ്ദേശ്യപരമാണ്. ഷോര്‍ട്ട് പൊസിഷനുകള്‍ എടുത്ത ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് തങ്ങള്‍ക്ക് അനുകൂലമായി വില ഇടിയുന്നതിനു വേണ്ടിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
അദാനി ഗ്രൂപ്പിന്റെ കടബാധ്യത ഇന്ത്യയിലെ ബാങ്കുകളെ സംബന്ധിച്ചിടത്തോളം പരിമിതമായ റിസ്‌ക് മാത്രമാണെന്ന് ആഗോള ഗവേഷണ സ്ഥാപനമായ സിഎല്‍എസ്‌എ ചൂണ്ടികാട്ടുന്നു. അദാനി ഗ്രൂപ്പിന്റെ മൊത്തം കടബാധ്യതയുടെ 40 ശതമാനം മാത്രമാണ് ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് എടുത്തിട്ടുള്ളത്. ഇതില്‍ 30 ശതമാനവും പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണ്.
അദാനി ഗ്രൂപ്പിലെ പ്രമുഖ ലിസ്റ്റഡ് കമ്പനികള്‍ കടുത്ത കടബാധ്യതയാണ് നേരിടുന്നതെന്നാണ് ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് ചൂണ്ടികാട്ടുന്നത്. അമിത വിലയില്‍ വ്യാപാരം ചെയ്യുന്ന ഓഹരികള്‍ പണയപ്പെടുത്തി എടുത്ത വായ്‌പകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് കമ്പനിയെ കടുത്ത സാമ്പത്തിക വിഷമതയിലാണ് എത്തിച്ചിരിക്കുന്നതെന്നും അവര്‍ വിലയിരുത്തുന്നു.
അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ് കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്‌പിഒ) ഇന്ന് തുടങ്ങി. 20,000 കോടി രൂപയാണ് ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ വഴി സമാഹരിക്കാന്‍ അദാനി എന്റര്‍പ്രൈസസ് ലക്ഷ്യമിടുന്നത്. ജനുവരി 31ന് എഫ്‌പിഒ സമാപിക്കും.