എന്‍ഡിടിവി ഓപ്പണ്‍ ഓഫര്‍: മൂന്നിലൊന്ന് ഓഹരികള്‍ അദാനി ഗ്രൂപ്പിന്
തിങ്കളാഴ്‌ച വരെ 53 ലക്ഷം ഓഹരികളാണ് ടെണ്ടര്‍ ചെയ്‌തത്. 1.68 കോടി ഓഹരികള്‍ ഓപ്പണ്‍ ഓഫറിലൂടെ വാങ്ങാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
എന്‍ഡിടിവിയുടെ കൂടുതല്‍ ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പണ്‍ ഓഫറിന് ഇതുവരെ ലഭിച്ചത് മികച്ച പ്രതികരണം. ഇതുവരെ ഓപ്പണ്‍ ഓഫറിലൂടെ വാങ്ങാന്‍ ലക്ഷ്യമാക്കുന്ന ഓഹരികളുടെ മൂന്നിലൊന്ന് ടെണ്ടര്‍ ചെയ്‌തിട്ടുണ്ട്.
തിങ്കളാഴ്‌ച വരെ 53 ലക്ഷം ഓഹരികളാണ് ടെണ്ടര്‍ ചെയ്‌തത്. 1.68 കോടി ഓഹരികള്‍ ഓപ്പണ്‍ ഓഫറിലൂടെ വാങ്ങാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
അതിനിടെ എന്‍ഡിടിവിയുടെ സ്ഥാപകരുടെ പിന്തുണയുള്ള ഒരു സ്ഥാപനം അദാനി ഗ്രൂപ്പിലെ ഒരു കമ്പനിക്ക് ഓഹരികള്‍ കൈമാറിയതായി എന്‍ഡിടിവി അറിയിച്ചു.
ഡിസംബര്‍ അഞ്ചിനാണ് ഓപ്പണ്‍ ഓഫര്‍ സമാപിക്കുന്നത്. നവംബര്‍ 22നാണ് ഓപ്പണ്‍ ഓഫര്‍ തുടങ്ങിയത്.
എന്‍ഡി ടിവിയുടെ പ്രൊമോട്ടര്‍മാരായ പ്രണോയ് റോയ്‌യും രാധികാ റോയ്‌യും ചേര്‍ന്ന് 32.26 ശതമാനം ഓഹരികളാണ് കൈവശം വെക്കുന്നത്. വിദേശ നിക്ഷേപകരുടെ കൈയില്‍ 14.72 ശതമാനം ഓഹരികളുണ്ട്. വ്യക്തികളും മറ്റു സ്ഥാപനങ്ങളും 23.84 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്നു.
എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ സ്ഥാപനമായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സിന്റെ 99.99 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്ന വിശ്വപ്രധാന്‍ കമ്മേഷ്യലിനെ ഏറ്റെടുത്തതിലൂടെ 29.18 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പിന്റെ കൈവശം വരികയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ ഓഹരികള്‍ വാങ്ങുന്നതിനായി ഓപ്പണ്‍ ഓഫറിന് അനുമതി ലഭിച്ചത്.
492.81 കോടി രൂപക്ക് എന്‍ഡിടിവിയുടെ 26 ശതമാനം ഓഹരികള്‍ കൂടി വാങ്ങുന്നതിന് ഓപ്പണ്‍ ഓഫര്‍ നടത്തുന്നതിനായി അദാനി ഗ്രൂപ്പിന് നവംബര്‍ ഏഴിനാണ് സെബിയുടെ അനുമതി ലഭിച്ചത്. ഓപ്പണ്‍ ഓഫര്‍ വില 294 രൂപയാണ്. ഇത് നിലവിലുള്ള വിപണിവിലയേക്കാള്‍ താഴെയാണ്. ഇന്ന് അഞ്ച് ശതമാനം ഉയര്‍ന്ന് 425.05 രൂപയിലെത്തിയ എന്‍ഡിടി അപ്പര്‍ സര്‍ക്യൂട്ടിലെത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസവും ഈ ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലെത്തിയിരുന്നു.