ഓഹരികള്‍ ഒരു ദിവസത്തിനകം ഡീമാറ്റ് അക്കൗണ്ടിലെത്തും?
എല്ലാ ഓഹരിയുടമകള്‍ക്കും ഒരു മാസത്തെയെങ്കിലും നോട്ടീസ് നല്‍കിയതിനു ശേഷം പുതിയ രീതിയിലേക്ക് മാറാനാണ് സെബിയുടെ നിര്‍ദേശം.
ഓഹരികള്‍ ഇടപാട് നടത്തി ഒരു ദിവസത്തിനകം ഡീമാറ്റ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്ന `ട്രേഡ് പ്ലസ് വണ്‍' (ടി പ്ലസ് വണ്‍) രീതിയിലേക്ക് മാറുന്നതു സംബന്ധിച്ച് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിര്‍ദേശം മുന്നോട്ടുവെച്ചു.
നിലവില്‍ `ട്രേഡ് പ്ലസ് ടു' (ടി പ്ലസ് ടു) രീതിയാണുള്ളത്. നിലവിലെ രീതി പ്രകാരം ഇടപാട് നടത്തി രണ്ട് ദിവസത്തിനകമാണ് ഓഹരികള്‍ ഡീമാറ്റ് അക്കൗണ്ടിലെത്തുന്നത്. അതുപോലെ ഓഹരികള്‍ വിറ്റാല്‍ പണം ലഭിക്കുന്നതും രണ്ട് ദിവസത്തിനകമാണ്. ഇത് ജനുവരി ഒന്ന് മുതല്‍ ഒരു ദിവസത്തിനകമാക്കാനാണ് സെബിയുടെ നിര്‍ദേശം.
നിലവില്‍ ചില രാജ്യങ്ങളില്‍ ഒരു ദിവസത്തിനുള്ളില്‍ ഇടപാട് പൂര്‍ത്തീകരിക്കുന്ന രീതിയാണുള്ളത്. ഈ രീതി ഇന്ത്യയിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സ്വീകരിക്കാവുന്നതാണെന്ന് സെബി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. എല്ലാ ഓഹരിയുടമകള്‍ക്കും ഒരു മാസത്തെയെങ്കിലും നോട്ടീസ് നല്‍കിയതിനു ശേഷം പുതിയ രീതിയിലേക്ക് മാറാനാണ് നിര്‍ദേശം.
ഒരു ദിവസത്തിനുള്ളില്‍ ഇടപാട് പൂര്‍ത്തീകരിക്കുന്ന രീതിയിലേക്ക് മാറികഴിഞ്ഞാല്‍ ആറ് മാസമെങ്കിലും എക്‌സ്‌ചേഞ്ചുകള്‍ അത് തുടര്‍ന്നിരിക്കണം.
ഭൂരിഭാഗം ആഗോള വിപണികളിലും രണ്ട് ദിവസത്തിനുള്ളില്‍ ഇടപാട് പൂര്‍ത്തീകരിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇന്ത്യ ഈ രീതി ആരംഭിച്ചത് 2003ലാണ്. അതിന് മുമ്പ് മൂന്ന് ദിവസത്തിനുള്ളിലാണ് ഇടപാട് പൂര്‍ത്തീകരിച്ചിരുന്നത്.
റീട്ടെയില്‍ നിക്ഷേപകരും ബ്രോക്കര്‍മാരും ഒരു ദിവസത്തിനുള്ളില്‍ ഇടപാട് പൂര്‍ത്തീകരിക്കുന്ന രീതിയെ പിന്തുണക്കുമ്പോള്‍ സമയ മേഖലകളിലെ വ്യത്യാസവും പ്രവര്‍ത്തന ചെലവിലെ വര്‍ധനയും കണക്കിലെടുത്ത് വിദേശ നിക്ഷേപകര്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.