റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗം വ്യാഴാഴ്‌ച
എജിഎമ്മില്‍ ടെലികോം, റീട്ടെയില്‍, ഒ2സി ബിസിനസ് തുടങ്ങിയ മേഖലകളിലെ കമ്പനിയുടെ ഭാവി പദ്ധതിയെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 അവസാനത്തോടെ 5 ജി സേവനം ആരംഭിക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിക്കുമെന്നാണ് സൂചന.
റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗം വ്യാഴാഴ്‌ച നടക്കും. കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തിന്റെ വിലയിരുത്തലിനൊപ്പം സമീപഭാവിയിലെ വളര്‍ച്ചക്കായി മാനേജ്‌മെന്റ് നടത്തുന്ന ആസൂത്രണത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും എജിഎമ്മിലുണ്ടാകും.
റിലയന്‍സിന്റെ 44-ാമത്തെ വാര്‍ഷിക പൊതുയോഗം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയാണ് നടത്തുന്നത്. യോഗത്തെ ചെയര്‍മാന്‍ മുകേഷ് അംബാനി അഭിസംബോധന ചെയ്യും.
നാളെ നടക്കുന്ന എജിഎമ്മില്‍ ടെലികോം, റീട്ടെയില്‍, ഒ2സി ബിസിനസ് തുടങ്ങിയ മേഖലകളിലെ കമ്പനിയുടെ ഭാവി പദ്ധതിയെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 അവസാനത്തോടെ 5 ജി സേവനം ആരംഭിക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിക്കുമെന്നാണ് സൂചന. 5 ജി ഫോണുകള്‍ വിപണിയിലെത്തിക്കാനും റിലയന്‍സിന് പദ്ധതിയുണ്ടെന്ന് അറിയുന്നു.
ടെലികോം നിരക്കുകളുടെ വര്‍ധന, ഗൂഗ്‌ളുമായും ഫേസ്‌ബുക്കുമായും മൈക്രോസോഫ്‌റ്റുമായും ചേര്‍ന്നുള്ള പുതിയ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് എജിഎമ്മില്‍ അറിയിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ റിലയന്‍സിന്റെ വാര്‍ഷിക പൊതു യോഗ ദിനങ്ങളില്‍ ഓഹരിയുടെ പ്രകടനം സമ്മിശ്രമായിരുന്നു. ആറ് എജിഎം ദിനങ്ങളില്‍ ഓഹരി വില ഇടിഞ്ഞപ്പോള്‍ നാല് തവണ വില ഉയര്‍ന്നു. 2019ലെ വാര്‍ഷിക പൊതുയോഗ ദിനത്തിനു ശേഷം ഓഹരി വില 10 ശതമാനമാണ് ഉയര്‍ന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഓഹരി സൂചികയുമായി താരതമ്യം ചെയ്യുമ്പോള്‍ റിലയന്‍സിന്റെ ഓഹരി ദുര്‍ബലമായ പ്രകടനമാണ് കാഴ്‌ച വെച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 27 ശതമാനമാണ് ഈ ഓഹരി നല്‍കിയ നേട്ടം. അതേ സമയം സെന്‍സെക്‌സ് ഇക്കാലയളവില്‍ 51 ശതമാനം ഉയര്‍ന്നു.