ത്രൈമാസ ഫലത്തെ തുടര്‍ന്ന് മണപ്പുറം 15 ശതമാനം ഇടിഞ്ഞു
അറ്റ പലിശ വരുമാനം കുറഞ്ഞത് മൂലമാണ് വിപണിയുടെ പ്രതീക്ഷക്കു ചേര്‍ന്ന ലാഭം കൈവരിക്കാന്‍ മണപ്പുറം ഫിനാന്‍സിന് കഴിയാതെ പോയത്.
സ്വര്‍ണവായ്‌പാ കമ്പനിയായ മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 15 ശതമാനം ഇടിഞ്ഞു. ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലം വിപണിയുടെ പ്രതീക്ഷക്കൊത്ത് ഉയരാത്തതിനെ തുടര്‍ന്നാണ് നിക്ഷേപകര്‍ ഓഹരി വിറ്റൊഴിഞ്ഞത്.
മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 18.7 ശതമാനം വളര്‍ച്ചയോടെ 436.90 കോടി രൂപയാണ് ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ മണപ്പുറം ഫിനാന്‍സ് കൈവരിച്ച ലാഭം. അതേ സമയം ജനുവരി-മാര്‍ച്ച് ത്രൈമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ എട്ട് ശതമാനം ഇടിവാണ് ലാഭത്തിലുണ്ടായത്.
അറ്റ പലിശ വരുമാനം കുറഞ്ഞത് മൂലമാണ് വിപണിയുടെ പ്രതീക്ഷക്കു ചേര്‍ന്ന ലാഭം കൈവരിക്കാന്‍ കമ്പനിക്ക് കഴിയാതെ പോയത്. മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 13.3 ശതമാനം വളര്‍ച്ചയാണ് അറ്റപലിശ വരുമാനത്തിലുണ്ടായത്. അതേ സമയം ജനുവരി-മാര്‍ച്ച് ത്രൈമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 2.3 ശതമാനം ഇടിവുണ്ടായി. കിട്ടാക്കടത്തിന്മേലുള്ള നീക്കിവെക്കല്‍ 120 കോടി രൂപയായി വര്‍ധിച്ചു.
ഇന്നലെ 191.50 രൂപക്ക് ക്ലോസ് ചെയ്‌ത മണപ്പുറത്തിന്റെ ഓഹരി വില ഇന്ന് വ്യാപാരത്തിനിടെ 163.35 രൂപ വരെ ഇടിഞ്ഞു.