ഇന്‍ഫോസിസിലെ തിരുത്തല്‍ നിക്ഷേപാവസരമോ?
എട്ട് മാസത്തെ താഴ്‌ന്ന വിലയിലാണ് ഇന്‍ഫോസിസ് ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്. എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും 18 ശതമാനം തിരുത്തലാണ് ഇന്‍ഫോസിസിലുണ്ടായത്.
നാലാം പാദ ഫലപ്രഖ്യാപനത്തിനു ശേഷം ഇന്‍ഫോസിസ് ഇന്നലെ ഏഴ് ശതമാനമാണ് ഇടിഞ്ഞത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇന്നും ഇന്‍ഫോസിസില്‍ വില്‍പ്പന സമ്മര്‍ദം തുടരുന്നതാണ് കണ്ടത്. എട്ട് മാസത്തെ താഴ്‌ന്ന വിലയിലാണ് ഇന്‍ഫോസിസ് ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്.
എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും 18 ശതമാനം തിരുത്തലാണ് ഇന്‍ഫോസിസിലുണ്ടായത്. അടുത്തിടെയുണ്ടായ ഉയര്‍ന്ന വിലയില്‍ നിന്നും 20 ശതമാനം തിരുത്തല്‍ ഉണ്ടാകുമ്പോഴാണ് ഒരു ഓഹരി കരടികളുടെ പിടിയില്‍ ആണെന്ന് സാങ്കേതികമായി അര്‍ത്ഥമാക്കുന്നത്.
അടുത്ത വര്‍ഷം ഇന്‍ഫോസിസ് കൈവരിക്കാനിടയുള്ള വരുമാനം സംബന്ധിച്ച അനുമാനത്തില്‍ അനലിസ്റ്റുകള്‍ മാറ്റം വരുത്തിയതാണ് ഓഹരി വിലയിലെ ശക്തമായ തിരുത്തലിന് വഴിവെച്ചത്. ഇത് മറ്റ് ഐടി ഓഹരികളിലും വില്‍പ്പന സമ്മര്‍ദം ശക്തമാകുന്നതിന് കാരണമായി.
ഇന്‍ഫോസിസ് ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ 12 ശതമാനം ലാഭവളര്‍ച്ചയാണ് കൈവരിച്ചത്. 5,686 കോടി രൂപയാണ് ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ ഇന്‍ഫോസിസ് കൈവരിച്ച ലാഭം. 5,076 കോടി രൂപയായിരുന്നു ഇന്‍ഫോസിസിന്റെ മുന്‍വര്‍ഷം സമാന കാലയളവിലെ ലാഭം. പ്രവര്‍ത്തന വരുമാനത്തില്‍ 23 ശതമാനം വര്‍ധനയാണുണ്ടായത്. 32,276 കോടി രൂപയാണ് ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ കൈവരിച്ച വരുമാനം. മുന്‍വര്‍ഷം സമാന കാലയളവിലെ വരുമാനം 26,311 കോടി രൂപയായിരുന്നു.
വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന് ഇന്‍ഫോസിസിന്റെ വിപണിമൂല്യത്തില്‍ 53,500 കോടി രൂപയുടെ ഇടിവാണുണ്ടായത്.
അതേ സമയം ഇന്‍ഫോസിസിന്റെ ഓഹരിയിലെ പ്രതീക്ഷിത വില പല ആഗോള ബ്രോക്കറേജുകളും വെട്ടിക്കുറച്ചെങ്കിലും `വാങ്ങുക' എന്ന ശുപാര്‍ശ നിലനിര്‍ത്തുകയാണ് ചെയ്‌തത്. ജെഫറീസ് പ്രതീക്ഷിത വില 2135 രൂപയില്‍ നിന്നും 2050 രൂപയായും മോര്‍ഗന്‍ സ്റ്റാന്‍ലി 2050 രൂപയില്‍ നിന്നും 1970 രൂപയായും വെട്ടിക്കുറച്ചു.
ബ്ലൂംബെര്‍ഗിന്റെ സര്‍വേ പ്രകാരം 38 അനലിസ്റ്റുകള്‍ ഇപ്പോഴും ഇന്‍ഫോസിസ് `വാങ്ങുക' എന്ന ശുപാര്‍ശയാണ് നല്‍കുന്നത്. ഏഴ് അനലിസ്റ്റുകള്‍ `കൈവശം വെക്കുക' എന്ന ശുപാര്‍ശ നല്‍കുമ്പോള്‍ നാല് അനലിസ്റ്റുകള്‍ മാത്രമാണ് `വില്‍ക്കുക' എന്ന് നിര്‍ദേശിക്കുന്നത്