5 വര്‍ഷത്തെ മികച്ച ഒന്നാം ത്രൈമാസ ഫലവുമായി മുന്‍ നിര ബാങ്കുകള്‍
കോര്‍പ്പറേറ്റ് വായ്‌പക്കും റീട്ടെയില്‍ വായ്‌പക്കുമുള്ള ഡിമാന്റ് ഒരു പോലെ വര്‍ധിച്ചത് ബാങ്കുകളുടെ വായ്‌പാ വളര്‍ച്ചക്ക് വഴിയൊരുക്കി.
രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് എന്നിവ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുള്ളഏറ്റവും മികച്ച ഒന്നാം ത്രൈമാസ പ്രവര്‍ത്തന ഫലമാണ് പ്രഖ്യാപിച്ചത്.
കോര്‍പ്പറേറ്റ് വായ്‌പക്കും റീട്ടെയില്‍ വായ്‌പക്കുമുള്ള ഡിമാന്റ് ഒരു പോലെ വര്‍ധിച്ചത് ബാങ്കുകളുടെ വായ്‌പാ വളര്‍ച്ചക്ക് വഴിയൊരുക്കി. കമ്പനികള്‍ ഉല്‍പ്പാദന ശേഷി വിപുലീകരണത്തിനായി പുതിയ വായ്‌പകള്‍ എടുക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. ഭവന വായ്‌പക്കും വാഹന വായ്‌പക്കുമുള്ള ഡിമാന്റ് പണപ്പെരുപ്പം വര്‍ധിച്ചിട്ടും കുറഞ്ഞിട്ടില്ല.
ഐസിഐസിഐ ബാങ്ക് 21.3 ശതമാനം വായ്‌പാ വളര്‍ച്ചയാണ് കൈവരിച്ചത്. റീട്ടെയില്‍ വായ്‌പയില്‍ 24 ശതമാനം വളര്‍ച്ചയുണ്ടായി.
കോട്ടക് മഹീന്ദ്ര ബാങ്ക് 29 ശതമാനം വായ്‌പാ വളര്‍ച്ച കൈവരിച്ചു. മൊത്തം വായ്‌പാ ബിസിനസ് മെച്ചപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് കോട്ടക് മഹീന്ദ്ര ബാങ്ക് മാനേജ്‌മെന്റ് അഭിപ്രായപ്പെടുന്നു.
ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് 54 ശതമാനം വായ്‌പാ വളര്‍ച്ചയാണ് കൈവരിച്ചത്. 1.33 ലക്ഷം കോടിരൂപയായാണ് വായ്‌പ വളര്‍ന്നത്. വാഹന വായ്‌പയില്‍ മാത്രം 26 ശതമാനം വളര്‍ച്ചയുണ്ടായി.
സ്റ്റീല്‍, സിമന്റ് തുടങ്ങിയ മേഖലകളിലെ പല കമ്പനികളും 70-80 ശതമാനം ഉല്‍പ്പാദന വിപുലീകരണം നടത്താനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. ഇതിനായി ബാങ്ക് വായ്‌പയെയാണ് കമ്പനികള്‍ ആശ്രയിക്കുന്നത്.
റെപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് വര്‍ധന വരുത്തിയതിനെ തുടര്‍ന്ന് ബാങ്കുകള്‍ വിവിധ വായ്‌പാ നിരക്കുകള്‍ കുത്തനെ കൂട്ടുയാണ് ചെയ്‌തത്. അതേ സമയം ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ നിരക്കില്‍ നാമമാത്രമായ വര്‍ധനയാണ് വരുത്തിയത്. ബാങ്കുകള്‍ക്ക് ഉയര്‍ന്ന ധനലഭ്യതയുള്ളതു കൊണ്ടാണ് ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ നിരക്കുകളില്‍ ചെറിയ വര്‍ധന മാത്രം വരുത്തിയത്. വായ്‌പാ നിരക്കുകള്‍ ഗണ്യമായി വര്‍ധിപ്പിച്ചെങ്കിലും അത് വായ്‌പാ വളര്‍ച്ചയെ ബാധിക്കാത്ത തരത്തില്‍ ശക്തമായ ഡിമാന്റ് നിലനില്‍ക്കുന്നുണ്ട്.
ഈ സാഹചര്യം ബാങ്കുകള്‍ക്ക് ഗുണകരമാകും. വായ്‌പാ നിരക്കുകളുടെ വര്‍ധന ബാങ്കുകളുടെ ലാഭക്ഷമത ഉയര്‍ത്തും. അടുത്ത മാസങ്ങളില്‍ റിസര്‍വ് ബാങ്ക് ഘട്ടങ്ങളായി റെപ്പോ നിരക്കില്‍ ഒരു ശതമാനം കൂടി വര്‍ധന വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് അനുസരിച്ച് വായ്‌പാ നിരക്കുകള്‍ ഉയരുന്നതോടെ ബാങ്കുകളുടെ ബാലന്‍സ്‌ഷീറ്റ് മെച്ചപ്പെടും.