Story Image

Aug 16, 2021

Market News

ചെലവേറിയ ഓഹരികള്‍ ഉയര്‍ന്ന നേട്ടം നല്‍കി

നിലവില്‍ എന്‍എസ്‌ഇ 500 സൂചികയില്‍ ഉള്‍പ്പെട്ട 147 ഓഹരികളുടെയും വില പ്രതി ഓഹരി വരുമാനത്തിന്റെ 50 മടങ്ങിലേറെയാണ്‌. ഇവയില്‍ 26 ഓഹരികള്‍ കഴിഞ്ഞ മൂന്ന്‌ വര്‍ഷ കാലയലളവില്‍ 20 ശതമാനത്തിലേറെയാണ്‌ പ്രതിവര്‍ഷ നേട്ടം നല്‍കിയത്‌.

വിപണി അപ്രതീക്ഷിതമായ ഉയരങ്ങളിലേക്ക്‌ കുതിച്ചുയര്‍ന്നപ്പോള്‍ ചെലവേറിയ നിലയിലെത്തിയ ഓഹരികള്‍ നിക്ഷേപകര്‍ക്ക്‌ നല്‍കിയത്‌ വളരെ ഉയര്‍ന്ന നേട്ടം. നിലവിലുള്ള പ്രതി ഓഹരി വരുമാനത്തിന്റെ 50 മടങ്ങിലേറെ വിലയില്‍ വ്യാപാരം ചെയ്യുന്ന ഓഹരികളില്‍ 65 ശതമാനവും ഈ വര്‍ഷം ഇതുവരെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ നേട്ടം നല്‍കി.

നിലവില്‍ എന്‍എസ്‌ഇ 500 സൂചികയില്‍ ഉള്‍പ്പെട്ട 147 ഓഹരികളുടെയും വില പ്രതി ഓഹരി വരുമാനത്തിന്റെ 50 മടങ്ങിലേറെയാണ്‌. ഇവയില്‍ 26 ഓഹരികള്‍ കഴിഞ്ഞ മൂന്ന്‌ വര്‍ഷ കാലയലളവില്‍ 20 ശതമാനത്തിലേറെയാണ്‌ പ്രതിവര്‍ഷ നേട്ടം നല്‍കിയത്‌.

2018 മുതല്‍ വ്യവസായ മേഖലകളിലെ ഏറ്റവും ശക്തമായ കമ്പനികള്‍ തിരഞ്ഞെടുത്ത്‌ നിക്ഷേപിക്കുന്ന രീതിക്ക്‌ നിക്ഷേപകര്‍ പ്രത്യേക പ്രാധാന്യമാണ്‌ നല്‍കുന്നത്‌. ഇത്‌ ഇത്തരം കമ്പനികളുടെ മൂല്യം ഉയര്‍ന്ന നിലവാരത്തിലെത്താന്‍ കാരണമായി. കമ്പനികളുടെ വളര്‍ച്ചാ സാധ്യതയില്‍ വിശ്വാസമര്‍പ്പിച്ച്‌ ഓഹരി വാങ്ങുന്ന നിക്ഷേപകര്‍ എത്ര ചെലവേറിയതായാലും നിക്ഷേപം നടത്തുന്ന രീതിയാണ്‌ ഇപ്പോള്‍ കണ്ടുവരുന്നത്‌.

ഉദാഹരണത്തിന്‌ പ്രതി ഓഹരി വരുമാനത്തിന്റെ 119 മടങ്ങില്‍ വ്യാപാരം ചെയ്യുന്ന ഐടി കമ്പനിയായ ഹാപ്പിയസ്റ്റ്‌ മൈന്റ്‌സ്‌ ഈ വര്‍ഷം 305 ശതമാനമാണ്‌ ഉയര്‍ന്നത്‌. സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റ എല്‍ക്‌സി കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ 55-75 മടങ്ങിലാണ്‌ വ്യാപാരം ചെയ്‌തത്‌. ഈ ഓഹരി 2020ല്‍ 122 ശതമാനവും 2021ല്‍ 137 ശതമാനവും നേട്ടം നല്‍കി.

പ്രധാനമായും മിഡ്‌കാപ്‌ ഓഹരികളാണ്‌ ഇത്തരത്തില്‍ പല മടങ്ങ്‌ നേട്ടം നിക്ഷേപകര്‍ക്ക്‌ സമ്മാനിച്ചത്‌. അതേ സമയം ചെലവേറിയ നിലയിലുള്ള ചില ലാര്‍ജ്‌കാപ്‌ ഓഹരികളും വേറിട്ട പ്രകടനം കാഴ്‌ച വെച്ചു. ബജാജ്‌ ഫിന്‍സെര്‍വ്‌, ഡിഎല്‍എഫ്‌, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ്‌, ഗ്ലോബല്‍ കണ്‍സ്യൂമേഴ്‌സ്‌, സണ്‍ ഫാര്‍മ, അവന്യു സൂപ്പര്‍മാര്‍ട്‌സ്‌, എല്‍&ടി, ദിവിസ്‌ ലാബ്‌, എസ്‌ബിഐ ലൈഫ്‌ തുടങ്ങിയ കമ്പനികള്‍ ചെലവേറിയ നിലയിലെത്തിയിട്ടും അടിസ്ഥാന സൂചികയേക്കാള്‍ ഉയര്‍ന്ന നേട്ടം നല്‍കി.

ചെലവേറിയ ഓഹരികളില്‍ നിന്ന്‌ മാറിനില്‍ക്കുകയാണ്‌ ന്യായമായ വിലയില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യപ്പെടുന്ന നിക്ഷേപകര്‍ ചെയ്യാറുള്ളത്‌. അതേ സമയം ഇപ്പോഴത്തെ വിപണിയില്‍ വിപരീതമായ കാഴ്‌ചയാണ്‌ കാണുന്നത്‌.

Stock pickers usually stay away from expensively-valued companies but that has not stopped their shares from being outperformers.