ബാങ്ക് ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം
അദാനിയുടെ കടബാധ്യതയുടെ 40 ശതമാനം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നാണെന്ന് സിഎല്‍എസ്‌എ ചൂണ്ടികാട്ടുന്നു. 30 ശതമാനം വായ്‌പ പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണ്.
നിഫ്‌റ്റി പൊതുമേഖലാ ബാങ്ക് സൂചിക ഇന്ന് അഞ്ചര ശതമാനത്തിലേറെ ഇടിവ് നേരിട്ടു. നിഫ്‌റ്റി ബാങ്ക് സൂചിക 3.4 ശതമാനവും നിഫ്‌റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 3 ശതമാനവും നഷ്‌ടമാണ് രേഖപ്പെടുത്തിയത്.
ബാങ്ക് ഓഫ് ബറോഡ, മഹാരാഷ്‌ട്ര ബാങ്ക്, കാനറാ ബാങ്ക്, യൂണിയന്‍ ബാങ്ക്, പിഎസ്‌ബി, പിഎന്‍ബി, ഐഒബി, യൂണിയന്‍ ബാങ്ക്, എസ്‌ബിഐ എന്നീ ഓഹരികള്‍ നാല് ശതമാനം മുതല്‍ ഏഴര ശതമാനം വരെ ഇടിവ് നേരിട്ടു.
സ്വകാര്യ ബാങ്ക് ഓഹരികളിലും വില്‍പ്പന സമ്മര്‍ദം ദൃശ്യമായി. ഐസിഐസിഐ ബാങ്ക് നാലര ശതമാനവും ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് നാല് ശതമാനവും ഇടിഞ്ഞു. നിഫ്‌റ്റി ബാങ്ക് സൂചിക മൂന്നര ശതമാനത്തോളമാണ് നഷ്‌ടം രേഖപ്പെടുത്തിയത്.
അദാനി ഗ്രൂപ്പിലെ പ്രമുഖ ലിസ്റ്റഡ് കമ്പനികള്‍ കടുത്ത കടബാധ്യതയാണ് നേരിടുന്നതെന്ന് ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് ചൂണ്ടികാട്ടിയതിനെ തുടര്‍ന്നാണ് ബാങ്ക് ഓഹരികളിലും തിരുത്തല്‍ ദൃശ്യമായത്. അദാനിയുടെ കടബാധ്യതയുടെ 40 ശതമാനം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നാണെന്ന് സിഎല്‍എസ്‌എ ചൂണ്ടികാട്ടുന്നു. ഇതില്‍ 10 ശതമാനം മാത്രമാണ് സ്വകാര്യ ബാങ്കുകളില്‍ നിന്നെടുത്തിരിക്കുന്നത്. 30 ശതമാനം വായ്‌പ പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള അദാനിയുടെ കടത്തില്‍ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് സിഎല്‍എസ്‌എ വിലയിരുത്തുന്നത്.